ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ സൈനികർക്ക് നേരെ ഐഎസ് ഭീകരർ രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മൊസൂളിനടുത്തുള്ള ഖയാറാ വ്യോമ താവളത്തിനു സമീപം രാസായുധം (മസ്റ്റര്‍ഡ് വാതകം) വഹിച്ച റോക്കറ്റ് പതിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല.
മൊസൂളിലെ ഇറാക്കി സൈന്യത്തെ സഹായിക്കുന്നതിനായി നൂറു കണക്കിന് യുഎസ് സൈനികരാണ് വ്യോമതാവളത്തിലുള്ളത്. ആദ്യമായിട്ടാണ് യുഎസ് സൈന്യത്തിനു നേര്‍ക്ക് ഐഎസ് രാസായുധ ആക്രമണം നടത്തുന്നത്.
അടുത്തിടെ മൊസൂളിലെ ഐഎസ് രാസായുധ നിര്‍മാണ ഫാക്ടറി യുഎസ് വ്യോമാക്രമണത്തില്‍ തകര്‍ത്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് ഇപ്പോഴുണ്ടായ രാസായുധ ആക്രമണം എന്നാണ് വിലയിരുത്തുന്നത്.
















