തിരുവനന്തപുരം: ബ്രൂസെല്ലോസിസ് അഥവാ മാള്‍ട്ടാ പനിക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. ബ്രൂസെല്ലോസിസ് രോഗം ബാധിച്ചെന്ന സംശയത്താല്‍ വെള്ളറട സ്വദേശിനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ ഏത് രോഗമാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകള്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് ജാഗ്രതാനിര്‍ദേശം നല്‍കുന്നത്.
പാലക്കാട് ജില്ലയില്‍ അടുത്തിടെ ബ്രൂസെല്ലോസിസ് പടര്‍ന്നുപിടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെയും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന രോഗാവസ്ഥയിലേക്ക് വരെ നയിക്കാവുന്ന ഗുരുതരമായ രോഗമാണ് ബ്രൂസെല്ലോസിസ്. മതിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചെറിയ പനി മുതല്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടു നില്‍ക്കുന്ന രോഗാവസ്ഥവരെയുണ്ടാക്കാം. മൃഗങ്ങളില്‍ ഇത് ഗര്‍ഭച്ഛിദ്രം മുതല്‍ മരണം വരെ ഉണ്ടാക്കാം. ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് ബ്രൂസെല്ലോസിസ് പകരുന്നതായി ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
പെട്ടന്നുണ്ടാകുന്ന വിറയലോട് കൂടിയ പനി (40 മുതല്‍ 41 ഡിഗ്രി വരെ), സന്ധി വേദന, നടുവേദന, തലവേദന, പ്ലീഹ വീക്കം എന്നിവ രോഗലക്ഷണങ്ങളാണ്. യഥാസമയം ഉചിതമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കും.
















