വാഷിങ്ടണ്‍: ഞാന്‍ ചെയ്തത് എന്റെ കടമയാണ്, ഏതൊരു അമേരിക്കക്കാരനും ചെയ്യുന്നതു തന്നെ. പറയുന്നത് ഭാരതവംശജനായ യുഎസ് പൗരന്‍ ഹരീന്ദര്‍ ബെയ്ന്‍സ്. മാന്‍ഹട്ടണില്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരന്‍ അഹമ്മദ് റഹാമിയെ പോലീസിന് കാട്ടിക്കൊടുത്തതിന് ഹരീന്ദറിന് അഭിനന്ദന പ്രവാഹമാണ്.
തന്റെ ബാറിനു മുന്‍പില്‍ കിടന്നുറങ്ങുന്നയാളെ കണ്ട് ഹരീന്ദര്‍ അടുത്തെത്തി പരിശോധിച്ചു. വെള്ളമടിച്ച് കിടക്കുന്നതാണെന്നാണ് കരുതിയത്. അടുത്തു ചെന്ന് നോക്കിയപ്പോഴാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ പുറത്തുവിട്ട ചിത്രത്തില്‍ കണ്ടയാളാണെന്ന് വ്യക്തമായത്. ഉടന്‍ പോലീസിനെ വിളിക്കുകയായിരുന്നു. ന്യൂയോര്‍ക്ക്, ന്യൂ ജെഴ്‌സി സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ് റഹാമി.
അമേരിക്കന്‍ സിഖാണ് ഹരീന്ദര്‍. അമേരിക്കയില്‍ ഭീകരാക്രമണം നടക്കുമ്പോഴൊക്കെ, മുസ്ലീങ്ങളെന്ന് തെറ്റിദ്ധരിച്ച് വംശീയ വിദ്വേഷങ്ങള്‍ക്ക് ഇവര്‍ ഇരയാകാറുണ്ട്. ഇതോടെ ഹരീന്ദറിന്റെ പ്രവര്‍ത്തി കൂടുതല്‍ ശ്രദ്ധേയമാകുകയാണ്.
ജൂതനോ, ക്രിസ്ത്യാനിയോ, സിഖുകാരനോ മുസ്ലീമോ ആരായാലും ഞാന്‍ ചെയ്തതു മാത്രമേ ചെയ്യൂ. മുന്‍പും പലരും വെള്ളമടിച്ച് ബാറിനു മുന്നില്‍ ഉറങ്ങിയിട്ടുണ്ട്. അത്തരമൊരാളെന്ന് കരുതി, തെറിവിളി പ്രതീക്ഷിച്ചാണ് ചെന്നത്. അപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. ഹരീന്ദര്‍ പറഞ്ഞു.
















