മനില: സൗദി അറേബ്യന്‍ വിമാനത്തിന്റെ പൈലറ്റ് അബദ്ധത്തില്‍ ഹൈജാക്ക് മുന്നറിയിപ്പ് ബട്ടണില്‍ അമര്‍ത്തിയത് മാനില വിമാനത്താവളത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ വന്‍സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്. മനില വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് സംഭവം.
ജിദ്ദയില്‍ നിന്നു നൂറുകണക്കിന് യാത്രക്കാരുമായി പുറപ്പെട്ട ബോയിങ് 777 വിമാനത്തില്‍ നിന്നു രണ്ടു മണിക്കൂറിന് ശേഷമാണ് സംഭവമുണ്ടായത്. പിന്നീട് വിമാനത്തിന് യാതൊരു ഭീഷണിയുമില്ലെന്നും സ്ഥിരീകരിച്ചു. പൈലറ്റിന് അബദ്ധം പറ്റിയതാണെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നും മനില പോലീസ് തലവന്‍ ഓസ്‌കാര്‍ അല്‍ബായാല്‍ഡ് പറഞ്ഞു.
സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഫിലിപ്പെന്‍സ് സിവില്‍ ഏവിയേഷന്‍ അതോറിട്ടി അറിയിച്ചു.
















