തലശ്ശേരി: ചിരപുരതാനമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര പരിസരമായ മഞ്ഞോടിയില്‍ മത്സ്യസംഭരണസ്ഥാപനം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര പൈതൃകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭൂമിശാസ്ത്രപരമായി താഴ്ന്ന പ്രദേശവും ജനസാന്ദ്രത ഏറിയതും ആശുപത്രിയും വിദ്യാഭ്യാസ്ഥാപനങ്ങളുള്ളതും സദാസമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതുമായ മഞ്ഞോടി ബസാറില്‍ ഇത്തരമൊരു സ്ഥാപനം അനുവദിക്കാനാവില്ല. മത്സ്യവില്‍പ്പന സ്റ്റാളുകളും സംഭരണവും മത്സ്യം ഇറക്കിസൂക്ഷിക്കാനും ഈ കെട്ടിടം ഉപയോഗിക്കുന്നതോടെ മഞ്ഞോടി പ്രദേശം മാത്രമല്ല സമീപസ്ഥലങ്ങള്‍ കൂടി വൃത്തിഹീനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യം കെട്ടിടനിര്‍മ്മാണ സമയത്ത് 2014 ല്‍ തന്നെ അന്നത്തെ വില്ലേജ് ഓഫീസര്‍ രേഖാമൂലം തലശ്ശേരി സബ് കലക്ടറെ അറിയിച്ചിരുന്നതാണ്. എന്നാല്‍ നഗരസഭയുടെയും ക്ഷേത്ര വിരുദ്ധരായ ചില തദ്ദേശകക്ഷികളുടെയും നിര്‍ബന്ധബുദ്ധിയാണ് ഇവിടെത്തന്നെ മത്സ്യമാര്‍ക്കറ്റ് ആരംഭിക്കണമെന്ന വാശിക്കു പിന്നില്‍.
















