കണ്ണൂര്‍: സിപിഎം പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വാഭിമാന സംഗമത്തില്‍ നിന്ന് ജിഗ്‌നേഷ് മേവാനി പിന്‍മാറിയതുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ വിവാദം കൊഴുക്കുന്നു. പട്ടിക ജാതി ക്ഷേമസമിതി സ്വതന്ത്ര സംഘടനയാണെന്ന് തെറ്റിദ്ധരിപ്പിച്ചതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയതെന്നും എന്നാല്‍ സിപിഎമ്മിന്റെ പോഷക സംഘടനയായതിനാല്‍ പിന്‍മാറുന്നുവെന്നുമാണ് മേവാനി നല്‍കിയ വിശദീകരണം. ചിത്രലേഖയുടെതുള്‍പ്പടെ ദളിത് വിഭാഗത്തില്‍പ്പെട്ടവരോട് സിപിഎം നടത്തുന്ന പീഡനത്തില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്നും മേവാനി വ്യക്തമാക്കിയിട്ടുണ്ട്. മേവാനിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെകുറിച്ചും മേവാനിയെ തെറ്റിദ്ധരിപ്പിച്ചതിന് പിന്നില്‍ ആരാണെന്നതിനെ കുറിച്ചും കൃത്യമായ ധാരണയുണ്ടെന്നും ഇപ്പോള്‍ പുറത്ത് പറയാനാഗ്രഹിക്കുന്നുമില്ലെന്നുമാണ് ഇത് സംബന്ധിച്ച് പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രസിഡണ്ട് ടി.പവിത്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. മേവാനിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ സിപിഐ ആണെന്ന വാദം നിലനില്‍ക്കെയാണ് സമിതി ഭാരവാഹികളുടെ ആരോപണം. പരിപാടിയില്‍ സംബന്ധിക്കുന്നതിന് മേവാനിയുമായി ബന്ധപ്പെട്ടത് ക്ഷേമസമിതി ജില്ലാ ഘടകമല്ലെന്നും ദല്‍ഹിയില്‍ നിന്നാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. മേവാനിയുടെ പിന്‍മാറ്റത്തിന് ശേഷം പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് വ്യക്തികളുടെ പേരുവിവരം സംഘാടകര്‍ സ്വകാര്യമാക്കി വെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഇപ്പോള്‍ വിശദീകരണം നല്‍കുന്നില്ലെന്നും സംഘാടകര്‍ പറഞ്ഞു. കനയ്യകുമാറിന്റെ പരിപാടിയിലൂടെ സിപിഐക്ക് ലഭിച്ച മേല്‍ക്കൈ തടയുന്നതിനാണ് സിപിഎം പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ സ്വാഭിമാന സംഗമം സംഘടിപ്പിച്ചത്. കനയ്യകുമാര്‍ പങ്കെടുത്ത പരിപാടിയില്‍ ജനപങ്കാളിത്തം കുറക്കാനും പരിപാടി അലങ്കോലപ്പെടുത്താനും സിപിഎം നേതൃത്വം ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന ആരോപണവുമുണ്ടായിരുന്നു. കനയ്യകുമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി സിപിഐ സ്വീകരിച്ച നിലപാടാണ് മേവാനിയുടെ പിന്‍മാറ്റത്തിന് പിന്നിലെന്നാണ് സൂചന. 21 ന് വൈകുന്നേരം നാല് മണിക്ക് കണ്ണൂരിലും 22 ന് തളിപ്പറമ്പിലുമാണ് പരിപാടി നടക്കുന്നത്.
















