ആലപ്പോ: ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ ഐഎസ് ഭീകരർ, കുട്ടികൾക്ക് മനുഷ്യരുടെ തലയറുക്കാനുള്ള ക്ലാസുകൾ നൽകുന്നു. സിറിയൻ നഗരമായ റാഖയിലെ സ്കൂളുകളിലെ കുട്ടികൾക്കാണ് ഐഎസ് ഭീകരർ കഴുത്തറുക്കാനുള്ള പരിശീലനം നൽകുന്നത്. അന്താരാഷ്‌ട്ര മാധ്യമമായ ഇൻഡിപെൻഡന്റാണ് ഞെട്ടിക്കുന്ന ഈ വിവരം പുറം ലോകത്തെ അറിയിച്ചത്.
പരിശീലനം ചെയ്യുന്നതിനായി ഭീകരർ കുട്ടികൾക്ക് മനുഷ്യരുടെ വലിപ്പമുള്ള പാവകൾ നൽകുന്നു. ഈ പാവകളുടെ കഴുത്ത് അറുത്താണ് പരിശീലന പരിപാടികൾ നടത്തുക. സ്കുൾ തലം തൊട്ട് കുട്ടികളിൽ ഐഎസിന്റെ സിദ്ധാന്തങ്ങളും അക്രമ വാസനകളും വളർത്തിയെടുക്കുവാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള പരിപാടികൾ ഭീകരർ ആസൂത്രണം ചെയ്യുന്നതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. സിറിയയിലെ കുട്ടികളുടെ ഭാവിയെ തുലയ്‌ക്കുന്ന പരിപാടികളാണ് ഭീകരർ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തെ 2014ൽ റാഖ നഗരത്തിലെ എല്ലാ സ്കൂളുകളും ഭീകരർ നിർബന്ധിച്ച് അടപ്പിച്ചിരുന്നു. ഇതിനു പുറമെ സ്കൂൾ പുസ്തകങ്ങൾ അഗ്നിക്കിരയാക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്തിടെ ഭീകരർ, കുട്ടികളെ ആക്രമണ പദ്ധതികളിൽ പങ്കാളികളാക്കിയിരുന്നു. ചാവേറുകളായിട്ടും ഓറഞ്ച് ഡ്രസ്സ് ഇട്ട തടവുകാരെ വെടിവെച്ച് കൊലപ്പെടുത്താനും കുട്ടികളെ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഭീകരർ പുറത്ത് വിടുകയും ചെയ്തു.
















