പാനൂര്‍: കണ്ണൂര്‍ ജില്ലയില്‍ പോലീസ് സേനയില്‍ വന്‍ അഴിച്ചുപണി. രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും 30പേരെ സ്ഥലം മാറ്റുന്നു. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച ഉദ്യോഗസ്ഥരെയാണ് രാഷ്‌ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നത്. അടുത്ത ദിവസം തന്നെ ഉത്തരവ് പുറത്തു വരും. ജില്ലയിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെയും, സേനയിലെ രാഷ്‌ട്രീയ പക്ഷപാതിത്വങ്ങളും ജില്ലാപോലീസ് ചീഫിനു നല്‍കുന്നത് തടയാനാണ് നീക്കം. ഡിവൈഎസ്പി.പി.പ്രേമരാജനാണ് നിലവില്‍ രഹസ്യാന്വേഷണ വിഭാഗത്തെ എസ്പിയുടെ കീഴില്‍ നിയന്ത്രിക്കുന്നത്. ജില്ലയില്‍ പോലീസ് സേനയെ അടിമുടി രാഷ്‌ട്രീയവല്‍ക്കരിക്കാനാണ് സിപിഎം തീരുമാനം. പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെ ഇതിനകം ജില്ലയില്‍ ഡിവൈഎസ്പിമാരായി നിയമിച്ചിട്ടുണ്ട്. തലശേരി ഡിവൈഎസ്പി പ്രിന്‍സ്എബ്രഹാം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, കണ്ണൂര്‍ ഡിവൈഎസ്പി പി.സദാനന്ദന്‍ എന്നിവരെ നിയമിച്ചതിനു പിന്നിലും സിപിഎം ഇടപ്പെടലുണ്ടെന്ന് ആക്ഷേപമുണ്ട്. ഇതിനു പുറമെ പാനൂര്‍, മുഴക്കുന്ന്, കതിരൂര്‍, തലശേരി, മട്ടന്നൂര്‍, ധര്‍മ്മടം, കണ്ണൂര്‍, പയ്യന്നൂര്‍, കതിരൂര്‍, കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷനിലെ സിവില്‍പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും തീരുമാനമുണ്ട്. 250ഓളം പേരുടെ ലിസ്റ്റ് ജില്ലാപോലീസ് ചീഫിനു കൈമാറിയിട്ടുണ്ട്. എന്നാല്‍ മതിയായ കാരണമില്ലാതെ സ്ഥലം മാറ്റില്ലെന്ന നിലപാടാണ് എസ്പി സഞ്ജയ്‌കുമാര്‍ ഗുരുഡിന്റേത്. സിപിഎം അനുകൂല സംഘടന പ്രതിനിധികളെ എസ്പി ഈ കാര്യം അറിയിച്ചിട്ടുമുണ്ട്. അതിനാല്‍ എസ്പിയെ സ്ഥലം മാറ്റി പാര്‍ട്ടിക്കു വിധേയനായ ആളെ നിയമിക്കാനും കരുനീക്കം ശക്തമാണ്. ജില്ലയില്‍ തുടരുന്ന സിപിഎം അക്രമങ്ങളില്‍ നടപടികള്‍ ശക്തമാക്കുന്ന സഞ്ജയ്‌കുമാര്‍ ഗുരുഡിനെതിരെ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍ രംഗത്തു വന്നിരുന്നു. പാര്‍ട്ടിക്ക് അനഭിമതനായ ഡിസിആര്‍ബി ഡിവൈഎസ് പി.പി.സുകുമാരനെ നേരത്തെ ജില്ലയില്‍ നിന്നും മാറ്റിയിരുന്നു. തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധത്തില്‍ സിപിഎം നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തിയതാണ് പി.സുകുമാരനെതിരെയുളള സ്ഥലം മാറ്റത്തിനു പിന്നില്‍. ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനും പാര്‍ട്ടി നിയന്ത്രണത്തിലാക്കാനുളള സിപിഎം കണ്ണൂര്‍ ലോബിയുടെ ശ്രമമാണ് നടക്കുന്നത്. ഇതു ആശങ്കയ്‌ക്കു വക നല്‍കുന്നതുമാണ്.
















