ഏഥന്‍സ്: ഗ്രീസിലെ 118 കൊല്ലം ചരിത്രമുള്ള എല്‍ടെറൂഡകിസ് പുസ്തക വില്‍പ്പനശാല സപ്തംബര്‍ 30ന് പൂട്ടുന്നു. ഏഴു വര്‍ഷമായി തൂടരുന്ന കടക്കെണിയും പ്രതിസന്ധിയുമാണ് കാരണം. സെന്‍ട്രല്‍ ഏഥന്‍സ് അവന്യൂവില്‍ പാര്‍ലമെന്റിനോട് ചേര്‍ന്ന് എട്ട് നിലകളിലാണ് ബുക്ക് സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നത്. രണ്ട് ഡസനിലധികം ബ്രാഞ്ചുകള്‍ അടുത്തിടെ പൂട്ടിയിരുന്നു.
എല്‍ടെറൂഡകി കുടുംബത്തിന്റെ ബിസിനസ് എന്ന നിലയിലാണ് സിന്തഗാമ സ്‌ക്വയറില്‍ 1898ല്‍ ബുക്ക് സ്റ്റോര്‍ തുടങ്ങിയത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ തകര്‍ച്ച പോലെ തന്നെ തങ്ങളുടെ കുടംബ ബിസിനസും തകര്‍ച്ചയെ നേരിടുകയായിരുന്നുവെന്ന് അവസാനത്തെ സ്റ്റോറിന്റെ മാനേജര്‍ സോഫിയ എല്‍ടെറൂഡകിസ് പറഞ്ഞു.
2008 ല്‍ 24 കോടി യൂറോയുടെ ബിസിനസായിരുന്നു. കഴിഞ്ഞ വര്‍ഷം വെറും അഞ്ച് ലക്ഷം യൂറോ! പുതിയ ബിസിനസ് ഓണ്‍ലൈന്‍ ലക്ഷ്യമാക്കിയുള്ളതാണെന്ന് സോഫിയ പറഞ്ഞു. 2013ല്‍ 128 വര്‍ഷത്തെ ചരിത്രമുള്ള എസ്റ്റിയ ബുക്ക് സ്റ്റോറും പൂട്ടിയിരുന്നു.
















