കവര്‍ച്ചക്കാരില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുമായി പോലീസ്
ന്യൂദല്‍ഹി: മുളകുപൊടി ട്രക്ക് ഡ്രൈവറുടെ കണ്ണിലെറിഞ്ഞ് രണ്ടരക്കോടിയോളം രൂപ വിലവരുന്ന 950 ഐഫോണുകള്‍ കവര്‍ന്നു. ദക്ഷിണ ദല്‍ഹിയിലെ വസന്ത്കുഞ്ജില്‍, വ്യവസായ മേഖലയായ ഒഖ്‌ലയില്‍ നിന്ന് ദ്വാരകയിലേക്കു കൊണ്ടുപോയ ഫോണുകളാണ് അക്രമികള്‍ തട്ടിയത്. പ്രതികളില്‍ മെഹ്താബ് ആലം (24), അര്‍മാന്‍ (22) എന്നിവര്‍ പിടിയിലായി. രണ്ടുപേരെ തിരയുകയാണ്. ഐഫോണുകള്‍ കണ്ടെടുത്തു.
യാത്രയ്‌ക്കിടെ വസന്ത്കുഞ്ജില്‍ എത്തിയ ട്രക്കിലേക്ക് ചുവന്ന നിറത്തിലുള്ള പൊടി ചിലര്‍ എറിഞ്ഞു. കുട്ടികളുടെ തമാശയെന്നാണ് ഡ്രൈവര്‍മാര്‍ കരുതിയത്. കണ്ണു നീറാന്‍ തുടങ്ങിയപ്പോള്‍ ട്രക്ക് നിര്‍ത്തി മുഖം കഴുകുമ്പോള്‍ ആയുധധാരികളായ രണ്ടുപേര്‍ ഡ്രൈവര്‍മാരെ ബന്ദിയാക്കി. ട്രക്കോടിച്ച് അടുത്ത് കാത്തുകിടന്ന വാനിനുള്ളിലേക്ക് ഫോണുകള്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് രജോക്രി ഫ്‌ളൈ ഓവറില്‍ ട്രക്ക് ഉപേക്ഷിച്ചു.
സിസിടിവി ദൃശ്യങ്ങളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണു പ്രതികളെ പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ ട്രക്ക് ഡ്രൈവര്‍മാരായിരുന്ന, പണിയുപേക്ഷിച്ചു പോയ ഭോലാ, പ്രദീപ് എന്നിവര്‍ക്ക് കൊള്ളയില്‍ പങ്കുണ്ടെന്നു വ്യക്തമായി. ട്രക്ക് സ്ഥിരമായി കടന്നുപോകാറുള്ള വഴികളും മറ്റും കൃത്യമായി അറിയുന്ന ഇവരാണ് ആസൂത്രകരെന്ന് പോലീസ് കരുതുന്നു.
















