ന്യൂയോര്‍ക്ക്: ഐഎസ് ഭീകരരുടെ ലൈംഗിക പീഡനത്തിനും വ്യാപാരത്തിനും ഇരയായ നാദിയ മുറാദിനെ ഐക്യരാഷ്‌ട്ര സഭ മനുഷ്യക്കടത്തിനെതിരെയുള്ള ഗുഡ്‌വില്‍ അംബാസഡറാക്കി. നാദിയ മുറാദിന് 19 വയസുള്ളപ്പോള്‍, 2014 ലാണ് ഐഎസ് ഭീകരര്‍ ഇറാഖിലെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്.
യസീദിക്കാരിയായ നാദിയയുടെ കുടുംബത്തിലെ ആണുങ്ങളെ കൊന്നൊടുക്കി ഭീകരര്‍ സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയി.
സഹോദരങ്ങളെയും മാതാപിതാക്കളേയും കണ്‍മുന്നിലിട്ട് കഴുത്തറുത്ത് കൊന്ന ശേഷം നാദിയയെ ബലാത്സംഗം ചെയ്യുകയും പലര്‍ക്കും വില്‍ക്കുകയും ചെയ്തു.
ഒരിക്കല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഈ അനുഭവങ്ങള്‍, ഭീകരരില്‍ നിന്ന് മോചിതയായ നാദിയ 2015 ല്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ തുറന്ന് പറഞ്ഞിരുന്നു.
ജര്‍മനിയില്‍ അഭയം പ്രാപിച്ച നാദിയയുടെ വെളിപ്പെടുത്തല്‍ പ്രകാരം, നിരവധി യുവതികള്‍ ഇപ്പോഴും ഐഎസിന്റെ തടവറയില്‍ ഉണ്ട്.
സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നവര്‍ക്കും കൂട്ടക്കുരുതിയുടെ ഇരകള്‍ക്കും മനുഷ്യക്കടത്തിനും ക്രൂരതകള്‍ക്കും ഇരയായവര്‍ക്കും സ്വയം സമര്‍പ്പിച്ച് പ്രവര്‍ത്തിക്കുമെന്ന് യുഎന്‍ അറിയിപ്പിനോട് നാദിയ മുറാദ് വെബ്‌സൈറ്റില്‍ പ്രതികരിച്ചു.
















