വിളപ്പില്‍: ടൂറിസം ഭൂപടത്തില്‍ വിളപ്പില്‍ ഗ്രാമത്തിന് ഇടം നേടിക്കൊടുത്ത ശാസ്താംപാറയില്‍ ഓണം കൂടാനെത്തിയത് ജനസാഗരം. വിളപ്പില്‍ ഗ്രാമ പഞ്ചായത്താണ് ‘ശാസ്താംപാറയില്‍ ഓണനിലാവ്’ എന്ന പേരില്‍ സര്‍ക്കാര്‍ അനുമതിയോടെ ഓണം വാരാഘോഷം ഒരുക്കിയത്.
ആഘോഷങ്ങള്‍ വീക്ഷിക്കാന്‍ മന്ത്രി എ.സി. മൊയ്ദീന്‍, ഡോ എ. സമ്പത്ത് എംപി, ഐ.ബി. സതീഷ് എംഎല്‍എ, ടൂറിസം ഡയറക്ടര്‍ ജോസ്, എസ്ബിറ്റി ചീഫ് ജനറല്‍ മാനേജര്‍ എന്‍.കെ. ഭട്ടാചാര്യ, ചീഫ് മാനേജര്‍ ആദികേശന്‍, എന്നിവര്‍ കുന്നിന്‍ മുകളിലെത്തി. ശാസ്താംപാറയെ ലോകനിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. അഡ്വഞ്ചര്‍ ടൂറിസത്തിന് അനുയോജ്യമായ ഭൂപ്രകൃതിയാണ് ശാസ്താംപാറയിലേത്. കടുമ്പു പാറയുമായി ശാസ്താംപാറയെ ബന്ധിപ്പിക്കുന്ന റോപ് വേ സംവിധാനവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാസ്താംപാറയ്‌ക്കൊപ്പം സമീപത്തെ കടുമ്പു പാറയിലും വൈദ്യുത ദീപാലങ്കാരം ഒരുക്കിയിരുന്നു.
വാരാഘോഷത്തോടനുബന്ധിച്ച് വിപണനമേള, ഭഷ്യമേള, കലാമത്സരങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന സമിതിയംഗം പേയാട് വേണുഗോപാല്‍, സിപിഎം ഏര്യാകമ്മറ്റിയംഗം ചെറുകോട് മുരുകന്‍, സിപിഐ മണ്ഡലം സെക്രട്ടറി വിളപ്പില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ്, ജയകുമാര്‍, പി.എസ്. മായ, ചന്ദ്രന്‍ നായര്‍, തങ്കരാജ്, പേയാട് കാര്‍ത്തികേയന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
















