രാം ഗോപാല്‍ യാദവ്
ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയില്‍ അധികാര തര്‍ക്കം സംബന്ധിച്ച് ഉടലെടുത്തിരിക്കുന്ന അസ്വാരസ്യം പരിഹരിക്കുന്നതിന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് ഇന്ന് ലക്‌നൗവില്‍ എത്തും. പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവുമായി രാം ഗോപാല്‍ ഇന്ന് കൂടിക്കാഴ്‌ച്ച നടത്തും.
എസ്പി കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മാധ്യമങ്ങളാണ് ഇതിനെല്ലാം പിന്നിലെന്നും രാം ഗോപാല്‍ പറഞ്ഞു. തീരുമാനങ്ങള്‍ കൈകൊള്ളുന്നതിന് മുമ്പായി മുഖ്യമന്ത്രി അഖിലേഷ് യാദവ് പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളുമായി കൂടിയാലോചിക്കാറില്ലായിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്‌ക്ക് കോട്ടം വരുത്തിയതും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താകാന്‍ കാരണമായതെന്നും രാം ഗോപാല്‍ പറഞ്ഞു.
നേരത്തെ പാര്‍ട്ടിയിലെ അധികാര തര്‍ക്കം പരിഹരിക്കാന്‍ പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവ് പാര്‍ലമെന്ററി യോഗം വിളിച്ചിരുന്നു.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് പുത്രനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ മാറ്റി പകരം ഇളയ സഹോദരന്‍ ശിവ്പാല്‍ യാദവിനെ മുലായം നിയമിച്ചതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. പാര്‍ട്ടി കുടുംബത്തിലെ അധികാര തര്‍ക്കത്തില്‍ മന്ത്രിസഭയിലുള്ള ശിവ്പാലിന്റെ പ്രധാന വകുപ്പുകള്‍ എടുത്തുമാറ്റിയാണ് അഖിലേഷ് ഇതിനെതിരേ തിരിച്ചടിച്ചത്.
ഇതോടെയാണ് പ്രശ്‌നപരിഹാരത്തിനായുള്ള മാര്‍ഗമായി പാര്‍ലമെന്ററി യോഗം വിളിക്കാന്‍ മുലായം സിംഗ് നിര്‍ബന്ധിതനായത്.
















