ആലപ്പുഴ: നാടെങ്ങും ഓണത്തപ്പനെ വരവേല്‍ക്കാന്‍ പൂക്കളമൊരുക്കിയപ്പോള്‍ പൂവിപണികള്‍ ഉച്ചയോടെ കാലി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്രാടംനാള്‍ പൂവിപണികളുടെ കൊയ്‌ത്തുദിനമായിരുന്നു.
ഉച്ചയ്‌ക്കുശേഷം പൂവ് വാങ്ങാനെത്തിയ നിരവധി ആളുകള്‍ പൂവ് ലഭിക്കാതെ നെട്ടോട്ടമായി. ചിലര്‍ പൂവുള്ള സ്ഥലമന്വേഷിച്ച് അന്യജില്ലവരെ പോയി, മറ്റുചിലരാകട്ടെ നിറങ്ങളുടെ പൊടികള്‍ അന്വേഷിച്ചും. വര്‍ണ്ണപ്പൊടികളും ഉച്ചയോടെ തീര്‍ന്നതായി വ്യാപാരികള്‍ പറഞ്ഞു.
ചിലര്‍ പലവര്‍ണ്ണങ്ങളിലുള്ള ഇലകള്‍ നുറുക്കി പൂക്കളമിടാനുള്ള ശ്രമത്തിലേക്ക് തിരിഞ്ഞു. ഇതിനായി ചീരയില, മല്ലിയില തുടങ്ങിയ ഇലക്കറികള്‍ വരെ വാങ്ങിയവരുണ്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പൂവുകള്‍ ഇത്തവണ എത്തിച്ചതായി വ്യാപാരികള്‍ പറഞ്ഞു. പൂവ് ലഭിക്കാതായതോടെ ക്ഷേത്രങ്ങളില്‍ അത്താഴപ്പൂജയ്‌ക്കുശേഷം ദേവനു ചാര്‍ത്തിയ മാലവാങ്ങി ഇറുത്തും പൂക്കളമൊരുക്കിയവരുണ്ട്.
















