മാഡ്രിഡ്: 2001 സപ്തംബര്‍ 11ലെ ഭീകരാക്രമണത്തില്‍ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചു കയറ്റിയ മുഹമ്മദ് അറ്റ ജീവിച്ചിരിക്കുന്നുവെന്ന് അമ്മ ബൊസെയ്‌ന മുഹമ്മദ് മുസ്തഫ ഷെരാഖി.
ഗ്വാണ്ടനാമോയിലെ യുഎസ് തടവറയില്‍ മകന്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് ബൊസെയ്‌ന, സ്‌പെയ്‌നിലെ മാഡ്രിഡില്‍ നിന്ന് പുറത്തിറങ്ങുന്ന എല്‍ മുണ്ടോ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈജിപ്താണ് ഇവരുടെ സ്വദേശം. നിലവില്‍ കെയ്‌റൊയില്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് താമസം. മരിക്കുന്നതിനു മുന്‍പ് മകനെ കാണാനാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ”74 വയസായി. നീ തിരിച്ചെത്തുമെന്ന് പ്രതീക്ഷയുണ്ട്. നീയൊരിക്കലും ഇതു ചെയ്യില്ലെന്ന് അറിയാം. യുഎസ് സത്യം മറയ്‌ക്കുന്നു. അവരാണ് ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ഇസ്ലാം മുഴുവന്‍ ഭീകരരെന്നു വരുത്തുകയായിരുന്നു ലക്ഷ്യം. അറബ് പാസ്‌പോര്‍ട്ട് ഉള്ളവരെ തെരഞ്ഞെടുത്ത് അവര്‍ക്കു മേല്‍ കുറ്റംചാര്‍ത്തി”- ബൊസെയ്‌ന പറഞ്ഞു. 9/11നു ശേഷം ബൊസെയ്‌ന നല്‍കുന്ന ആദ്യ അഭിമുഖമാണിതെന്നം പത്രം അവകാശപ്പെടുന്നു.
മകന്‍ നിരപരാധിയെന്ന് മുഹമ്മദിന്റെ പിതാവും അവകാശപ്പെട്ടിരുന്നു. മുഹമ്മദ് എന്നു തന്നെയാണ് ഇദ്ദേഹത്തിന്റെയും പേര്. വക്കീലായ ഇദ്ദേഹം 2008ല്‍ മരിച്ചു.
അതേസമയം, 2005ല്‍ ലണ്ടനില്‍ സബ്‌വേയിലും ബസിലും സ്‌ഫോടനമുണ്ടായപ്പോള്‍, മകന്‍ മരിച്ചുവെന്ന് സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. മകന്റെ ധീരത 50 വര്‍ഷത്തെ വിശുദ്ധ യുദ്ധത്തിനു തുടക്കമിട്ടു. ടെലിവിഷന്‍ അഭിമുഖത്തിന് പണം വേണം. ഇത് ലണ്ടനില്‍ മറ്റൊരാക്രമണത്തിനുള്ള നിക്ഷേപമാണെന്നും ഇദ്ദേഹം പറയുന്നു.
അതേസമയം, അഭിമുഖം സിഎന്‍എന്‍ നിഷേധിച്ചു. എന്നാല്‍, അവരുടെ വെബ്‌സൈറ്റില്‍ ഉണ്ട്.
















