പാനൂര്‍: ബാലികയെ വീട്ടുവേലയ്‌ക്കു നിര്‍ത്തിയ സംഭവത്തില്‍ കേസെടുക്കാത്തതിനു പിന്നില്‍ മുസ്ലീംലീഗ്-സിപിഎം ഒത്തുകളി. കടവത്തൂരിലെ ലീഗ് നേതാവും, വ്യാപാരിയുമായ മുല്ലശേരി കുഞ്ഞമ്മദ്ഹാജിയുടെ വീട്ടില്‍ നിന്നും ജാര്‍ഖണ്ഡ് സ്വദേശിയായ 12 കാരിയെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും, കൊളവല്ലൂര്‍ പോലീസും കഴിഞ്ഞ ദീവസം മോചിപ്പിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വീട്ടുടമയ്‌ക്കെതിരെ കേസെടുക്കാതെ ഒളിച്ചു കളിക്കുകയാണ് കൊളവല്ലൂര്‍ പോലീസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി മുസ്ലീംലീഗ് നേതാക്കള്‍ നേരിട്ടു ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ വിമുഖത കാണിക്കുന്നതെന്നാണ് പറയപ്പെടുന്നത്. കടവത്തൂരിലെ പ്രമുഖ ലീഗ് നേതാക്കളാണ് ഈ പ്രാദേശിക ലീഗ് നേതാവിനു വേണ്ടി രംഗത്തുളളത്. പാനൂര്‍ മേഖലയില്‍ കുട്ടിക്കടത്തും, ബാലവേലയും നടക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അന്വേഷണം നടത്തി വരികയാണ്. കൈവേലിക്കല്‍, കുന്നോത്ത്പറമ്പ്, ചൊക്ലി ഭാഗങ്ങളില്‍ സമാനമായ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ബാലവേലയ്‌ക്കെതിരെ സെമിനാറുകളും, ബോധവല്‍ക്കരണവും നടന്നെങ്കിലും ഇപ്പോഴും ജില്ലയ്‌ക്കു പുറത്തു നിന്നും അന്യസംസ്ഥാനത്തു നിന്നും ബാലവേലയ്‌ക്ക് പെണ്‍കുട്ടികളെ ഇവിടെ എത്തിക്കുന്നത് തുടരുകയാണ്.
















