ന്യൂദല്‍ഹി: കശ്മീര്‍ പ്രശ്നത്തില്‍ വിഘടനവാദികളുമായി ചര്‍ച്ചയ്‌ക്ക് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം ദല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് രാജ്‌നാഥ് സിങ് നിലപാട് വ്യക്തമാക്കിയത്.
വിഘടനവാദികള്‍ മുന്നോട്ട് വയ്‌ക്കുന്ന ആവശ്യങ്ങളില്‍ ഒന്നില്‍ പോലും ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. എന്നാല്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തണമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കശ്മീരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഉടന്‍ തന്നെ ജമ്മു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സര്‍വ്വകക്ഷിയോഗം വിലയിരുത്തി.
ഉടന്‍ തന്നെ കശ്മീരില്‍ നിന്നും നിരോധനാജ്ഞ പിന്‍വലിക്കണമെന്നും സമാധാനം കൊണ്ടുവരണമെന്നും സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു. അടഞ്ഞ് കിടക്കുന്ന സ്കൂളുകള്‍ എത്രയും പെട്ടെന്ന് തുറക്കണമെന്നും ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
















