ന്യൂദല്‍ഹി: ലൈംഗിക സിഡിയിലുള്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ആപ് നേതാവ് സന്ദീപ് കുമാര്‍ കുറ്റം സമ്മതിച്ചു. സ്ത്രീകളോടൊപ്പമുള്ള വേറെയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. രണ്ട് സ്ത്രീകളോടൊപ്പമുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതില്‍ ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദല്‍ഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വീഡിയോ താന്‍ ചിത്രീകരിച്ചതാണെന്ന് സന്ദീപ് സമ്മതിച്ചതായി പോലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. നിരവധി ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന ഇയാളുടെ മൊഴിയില്‍ അന്വേഷണം വേണമെന്നും റേഷന്‍ കാര്‍ഡിന് അഭ്യര്‍ത്ഥിച്ച് വീട്ടിലെത്തിയ സ്ത്രീയെ സന്ദീപ് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സന്ദീപിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
വീഡിയോ പരസ്യപ്പെടുത്തിയ സന്ദീപിന്റെ മുന്‍ സെക്രട്ടറി പ്രവീണ്‍ കുമാറിനെ പോലീസ് ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്‌തേക്കും.
സന്ദീപിന്റെ ഭാര്യയുടെ പ്രസവത്തിന് സന്ദീപിനും ഭാര്യയ്‌ക്കുമൊപ്പം ഒരു മാസത്തോളം പ്രവീണും ന്യൂയോര്‍ക്കിലുണ്ടായിരുന്നു. ഈ സമയത്ത് ലാപ്‌ടോപ്പിലെ ദൃശ്യങ്ങള്‍ പ്രവീണ്‍ കൈക്കലാക്കിയെന്നാണ് സന്ദീപിന്റെ ആരോപണം. ഇത് കാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും സന്ദീപ് കുമാര്‍ ആരോപിച്ചു.
ഭാര്യയുടെ പ്രസവത്തിനായുള്ള സന്ദീപിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനെതിരെ ബിജെപി രംഗത്തെത്തി. എഎപി നേതാക്കളുടെ പ്രവൃത്തികള്‍ ദുരൂഹമാണെന്നും യുഎസ് സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇതിനിടെ സന്ദീപ് കുമാറിനെ ന്യായീകരിച്ച എഎപി വക്താവ് അശുതോഷിനെതിരെ വനിതാ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്.
















