ചെങ്ങന്നൂര്‍: മദ്യലഹരിയില്‍ കുട്ടിഡ്രൈവര്‍ മോഷ്ടിച്ച ആംബുലന്‍സുമായി ലൈറ്റും സൈറനും മുഴക്കി നഗരത്തിലൂടെ അമിതവേഗതയില്‍ പാഞ്ഞത് ഭീതി പരത്തി. മതിലുകളിലും എതിരെ വന്ന നിരവധി വാഹനങ്ങളിലും ഇടിച്ചിട്ടും നിര്‍ത്താതെ ഓടിച്ച വാഹനം കീഴ്‌ചേരിമേല്‍ ശാസ്താംകുളങ്ങര ഭാഗത്തുവെച്ച് നാട്ടുകാര്‍ തടഞ്ഞ് കുട്ടിഡ്രൈവറെ ചെങ്ങന്നൂര്‍ പോലീസിന് കൈമാറി.
തിട്ടമേല്‍ പാണ്ടവന്‍പാറ കല്ലുവരുമ്പ് ഭാഗത്ത് താമസിക്കുന്ന പതിനേഴുവയസ്സുള്ള ഇയാള്‍ തന്റെ വീടിന്റെ സമീപത്തുള്ള വാടകവീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മഹനീയം എന്ന ആംബുലന്‍സ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് തട്ടിയെടുത്ത്. തുടര്‍ന്ന് ഒരു മണിക്കൂറോളം നഗരവാസികളെ പരിഭ്രാന്തരാക്കി നഗത്തിലൂടെ പാഞ്ഞു.
പ്രവാസി മലയാളിയായ മഴുക്കീര്‍ പ്രാവിന്‍കൂട് കാവനാല്‍ റജിയുടെതാണ് ആംബുലന്‍സ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് വാഹനം ഉപയോഗിച്ചിരുന്നത്. ആംബുലന്‍സിന്റെ താക്കോല്‍ സ്ഥിരമായി സൂക്ഷിക്കുന്ന സ്ഥലം മനസ്സിലാക്കി അവിടെനിന്നാണ് കുട്ടികുറ്റവാളി തക്കോല്‍ കൈക്കലാക്കിയത്.
വിവിധ അപകടങ്ങളില്‍ ആംബുലന്‍സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. മുന്‍പും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ സമാനരീതയില്‍ തട്ടിയെടുത്ത് ഓടിച്ച് അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചു. എന്നാല്‍ ആംബുലന്‍സിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതെ പൊലീസ് സ്റ്റേഷനില്‍നിന്നും കൊണ്ടുപോകില്ലെന്ന നിലപാടിലാണ് ഉടമ.
















