ജയ്‌പൂര്‍: തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട ജയ്‌പൂരിലെ രാജ്മഹല്‍ പാലസ് ഹെറിറ്റേജ് ഹോട്ടലിന്റെ ഗേറ്റുകള്‍ ജയ്‌പൂര്‍ ഡെവലപ്‌മെന്റ് അതോറിട്ടി(ജെഡിഎ) ഒരാഴ്ചയ്‌ക്കു ശേഷം തുറന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും വസ്തുവിന്റെ ഉടമ രാജ്മാതാ പത്മിനീ ദേവിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഹോട്ടലിന്റെ കവാടം തുറക്കാന്‍ തീരുമാനമാനിച്ചത്.
ഹോട്ടല്‍ ഗേറ്റുകള്‍ സര്‍ക്കാരിന്റെ ഭൂമിയിലാണെന്നായിരുന്നു ജെഡിഎയുടെ വാദം. ഇത് രാജകുടുംബത്തെ അപമാനിക്കുന്നതാണെന്നാണ് പത്മിനീദേവി കുറ്റപ്പെടുത്തി. തര്‍ക്കം കോടതിയുടെ പരിഗണനയിലാണിപ്പോള്‍.
പ്രശ്‌ന പരിഹാരത്തിനായി നിയോഗിച്ച മന്ത്രിമാരുടെ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കവാടം തുറന്നത്. ഹോട്ടല്‍ പ്രശ്‌നത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരും ജയ്‌പൂര്‍ രാജകുടുംബവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്മിനീ ദേവിയുടെ നേതൃത്വത്തില്‍ ജെഡിഎ ക്കെതിരെ പ്രതിഷേധ റാലി നടത്തിയിരുന്നു.
രാജകുടുംബാംഗങ്ങളും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ ബിജെപി പ്രശ്‌ന പരിഹാരത്തിന് ഇറങ്ങി. ഇക്കാര്യത്തില്‍ പാര്‍ട്ടി എംഎല്‍എ യും പത്മിനീദേവിയുടെ മകളുമായ ദിയാകുമാരിയുമായി പാര്‍ട്ടിയുടൈ മുതിര്‍ന്ന നേതാവ് സൗദാന്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. റാലിയില്‍ ദിയ പങ്കെടുത്തിരുന്നില്ലെങ്കിലും ഭര്‍ത്താവിന്റെയും മകന്റെയും സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
















