പിലാത്തറ: ഭരണരംഗത്തെ ശൂന്യത മറച്ചുവെക്കാന്‍ പാരമ്പര്യ സംസ്‌കാരത്തെയും ആചാരങ്ങളെയും വെല്ലുവിളിച്ച് വിവാദമുണ്ടാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രമീള സി നായ്‌ക്ക് ആരോപിച്ചു. ബിജെപി കല്യാശ്ശേരി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പിലാത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന്റെ പൂക്കളത്തെ കുറച്ചുകാണാനും നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകമായ നിലവിളക്കിനെ തള്ളിപ്പറയാനും മന്ത്രിമാര്‍ മത്സരിക്കുന്നു. കേരളത്തിലെ ഏറ്റവും തീര്‍ത്ഥാടകരെത്തുന്ന ശബരിമലയെ അടക്കം വിവാദഭൂമിയാക്കി ഹൈന്ദവ സമൂഹത്തെ അവഹേളിക്കുന്ന നയമാണ് മന്ത്രിമാരും സിപിഎമ്മും നടത്തുന്നതെന്നും അവര്‍ പറഞ്ഞു. എന്‍.പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ കടന്നപ്പള്ളി, വിജയന്‍ മങ്ങാട്, ടി.വി.ശോഭനകുമാരി, വി.വി.രാമചന്ദ്രന്‍, ശങ്കരന്‍ കൈതപ്രം, കെ.സജീവന്‍ എന്നിവര്‍ സംസാരിച്ചു.
















