കൊച്ചി: രാഷ്‌ട്രീയക്കാരുടെയും സംഘടനകളുടെയും കച്ചവടക്കാരുടെയും പരസ്യപ്രചാരണ പോസ്റ്ററുകള്‍ക്കിടയില്‍ വ്യത്യസ്തമായൊരു പരസ്യം. ‘പൈസ കളഞ്ഞുകിട്ടിയിട്ടുണ്ട്, ഉടമസ്ഥര്‍ നേരിട്ടുവന്ന് ഞങ്ങളെ സമീപിക്കുക, കൃത്യ തുക ബോധ്യപ്പെടുത്തുക’ എന്നാണ് ഈ പോസ്റ്ററിലെ വാചകങ്ങള്‍. വൈറ്റില പ്രദേശത്താണ് ഇത്തരത്തില്‍ പോസ്റ്റര്‍ നിറഞ്ഞിരിക്കുന്നത്. ഫോണ്‍നമ്പറും നല്‍കിയിട്ടുണ്ട്.
വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എ ടൂര്‍സ് ആന്റ് ട്രാവല്‍സ് ജീവനക്കാരാണ് പുതുമയും നന്മയും ചേര്‍ന്ന പോസ്റ്റര്‍ പതിച്ചത്. സമീപപ്രദേശത്തെ ആരുടെയെങ്കിലുമായിരിക്കും കളഞ്ഞുകിട്ടിയ പണമെന്ന നിഗമനത്തിലാണ് ഇങ്ങനെ പോസ്റ്റര്‍ പതിച്ചതെന്ന് സ്ഥാപന ഉടമ ഷാഹിദ് പറഞ്ഞു. ജീവനക്കാര്‍ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. മൂന്നുദിവസം മുന്‍പാണ് പണം കളഞ്ഞുകിട്ടിയത്. ഇതുവരെ ആരും തങ്ങളെ സമീപിച്ചിട്ടില്ല. രണ്ടുദിവസം കൂടി കാത്തശേഷം പോലീസില്‍ ഏല്‍പ്പിക്കുമെന്നും ഷാഹിദ് പറഞ്ഞു.
















