മുഹമ്മ: പൊന്നോണത്തെ വരവേല്‍ക്കാന്‍ യുവചേതന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാളെ അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കും. നന്മയുടെയും സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി എത്തുന്ന ഓണത്തിന് ആദ്യമായാണ് മുഹമ്മയില്‍ അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച മൂന്നിന് മുഹമ്മ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ക്ലബ്ബ് രക്ഷാധികാരി ഒ.എ. രാധാമണി ഉദ്ഘാടനം ചെയ്യും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയുടെ വേഷമണിഞ്ഞ് യുവാക്കളും പുലികളിസംഘങ്ങളും ഭരതനാട്യം, മാര്‍ഗ്ഗംകളി, ദീപ്തി സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ബാന്റുമേളം, കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ എന്നിവ വര്‍ണ്ണാഭമായ ഘോഷയാത്രയ്‌ക്ക് മിഴിവേകും.
തുടര്‍ന്ന് സിഎംഎല്‍ എല്‍പി സ്‌കൂളിന് സമീപം നടക്കുന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് വി. വിനോദ് അദ്ധ്യക്ഷത വഹിക്കും. വിശ്വഗാജി മഠാധിപതി സ്വാമി അസ്പര്‍ശാനന്ദ, ഫാ. സ്റ്റീഫന്‍ പട്ടത്താനം, ഇമാം എസ്. ഷംസുദ്ദീന്‍ മദനി, കെ.എസ്. ദാമോദരന്‍, കെ.എസ്. ഷിബു, നിഷാദ് എന്നിവര്‍ സംസാരിക്കും.
















