പാനൂര്‍: സ്വര്‍ണ്ണവ്യാപാരിയില്‍ നിന്നും കോടികള്‍ കവര്‍ച്ച ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് ഒളിതാവളമൊരുക്കി സിപിഎം. പ്രതികളുടെ കൂത്തുപറമ്പ്, കതിരൂര്‍ ഭാഗത്തെ വീടുകളില്‍ ആന്തൂര്‍ സിഐ.സിബിതോമസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി.ഇവര്‍ പാനൂര്‍ മേഖലയില്‍ ഉണ്ടെന്ന നിഗമനമാണ് പോലീസിനുളളത്. സിപിഎം കേന്ദ്രത്തില്‍ ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണ് ഇവരെയെന്നാണ് ലഭ്യമാകുന്ന വിവരം. മുഖ്യപ്രതിയായ ഡിവൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ജില്ലാ കമ്മറ്റി അംഗവും, പാട്യം പഞ്ചായത്ത് മുന്‍ അംഗവുമായ റെനിലിനെ പിടികൂടിയാല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്കും പുറത്തു വരുമെന്ന് ഉറപ്പാണ്. റെനില്‍, സൂരജ്, പ്രജീഷ് എന്നിവരുടെ വീടുകളിലാണ് ഇന്നലെ പരിശോധന നടന്നത്. കൂത്തുപറമ്പിലെ മൃദുലിനെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം ഏഴിനാണ് കാസര്‍കോടുവെച്ച് തലശേരിയില്‍ സ്വര്‍ണ്ണവ്യാപാരം നടത്തുന്ന കദം വികാസ്തനുവിന്റെ വാഹനം തട്ടിയെടുത്ത് കോടികള്‍ സിപിഎം സംഘം കൊളള ചെയ്തത്. ഒത്തുതീര്‍പ്പുമായി സിപിഎം ഉന്നതനേതാക്കള്‍ ഇടപ്പെട്ടതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് വികാസ് പരാതി നല്‍കിയത്. അഞ്ചര കോടി രൂപയോളം നഷ്ടപ്പെട്ടെങ്കിലും ഒന്നരകോടി തട്ടിപറിച്ചൂവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.കുഴല്‍പണമാണ് കടത്തിയെന്ന സംശയവും ബലപ്പെട്ടതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് കോഴിക്കോട് യൂനിറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ സംരക്ഷണയില്‍ കഴിയുന്ന പ്രതികളെ തേടി പാനൂരും, പരിസരങ്ങളിലും പോലീസ് അന്വേഷണം നടത്തി വരികയാണ്.
















