കൂത്തുപറമ്പ്: ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലും കൂത്തുപറമ്പില്‍ മോഷ്ടാക്കള്‍ വിലസുന്നു. നഗരവാസികളെയും നഗരത്തില്‍ എത്തുന്നവരെയും ഇതോടെ ആശങ്കയിലായിരിക്കുകയാണ്. കഴിഞ്ഞ 20നു കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിക്കു മുന്നില്‍ ബസ് സ്റ്റാന്റ്റിനു സമീപം നിര്‍ത്തിയിട്ട ബൈക്ക് പട്ടാപ്പകല്‍ ഹാന്റില്‍ ലോക്ക് തകര്‍ത്ത് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടു പോയ സംഭവം ഉണ്ടായിരുന്നു. മാലൂര്‍ കുണ്ടേരിപ്പൊയില്‍ സ്വദേശി രതീഷ് കുര്‍മ്മാണിയുടെ ബൈക്കാണ് നഷ്ടപെട്ടത്. രണ്ട് ദിവസത്തിനു ശേഷം മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കിനു സമീപം നമ്പര്‍ പ്‌ളേറ്റ് എടുത്ത് കളഞ്ഞ് വികൃതമാക്കിയ നിലയില്‍ ബൈക്ക് കണ്ടെത്തി. കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലുള്ള ബൈക്ക് വിട്ടുകിട്ടാന്‍ കോടതി കയറിയിറങ്ങുകയാണ് ഉടമ രതീഷ്. അതിനു തൊട്ടടുത്ത ദിവസം അതേസ്ഥലത്തു നിന്നും കടത്തിയ വേറൊരു ബൈക്ക് മട്ടന്നൂരില്‍ അപകപത്തില്‍പ്പെടുകയും ബൈക്ക് ഉപേഷിച്ച് മോഷ്ടാക്കള്‍ കടന്നു കളയുകയും ചെയ്തു. സ്റ്റേഡിയത്തിനു സമീപം നിര്‍ത്തിയിട്ട ഫോര്‍ രജിസ്‌ട്രേഷന്‍ ബൈക്കും അടുത്തിടെ കടത്തിക്കൊണ്ടുപോയതായി പറയപ്പെടുന്നു. ഇതുവരെ അതിനെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. നീരീക്ഷണക്യാമറകളെയും പോലീസിനെയും കബളിപ്പിച്ചാണ് മോഷ്ടാക്കള്‍ വിദഗ്ധമായി ഓപ്പറേഷന്‍ നടത്തുന്നത്. കഴിഞ്ഞദിവസം വടകരയില്‍ കോടികളുടെ കുഴല്‍പ്പണം തട്ടിയ കേസിലും കൂത്തുപറമ്പ് ഭാഗത്തുള്ളവരാണ് പ്രതികള്‍. ഇതില്‍ കൂത്തുപറമ്പ് പാലത്തുംകര സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു. പെട്രോള്‍ പമ്പുടമയെ തടഞ്ഞ് പണം തട്ടിയ കേസില്‍ മാസങ്ങള്‍ക്കു മുമ്പ് തൊക്കിലങ്ങാടി സ്വദേശിയും പിടിയിലായിരുന്നു. ശക്തമായ രാഷ്‌ട്രീയ സ്വാധീനമുള്ളവരാണ് കുഴല്‍പ്പണക്കേസിലെ പ്രതികളെന്നതിനാല്‍ പോലീസും നടപടിയെടുക്കാന്‍ മടിക്കുകയാണ്. കടത്തിക്കൊണ്ടു പോകുന്ന ബൈക്കടക്കമുള്ള വാഹനങ്ങള്‍ മാലപൊട്ടിക്കാനും കഞ്ചാവ് കടത്താനും അതുപോലുള്ള മറ്റ് അതിക്രമങ്ങള്‍ക്കും ഉപയോഗിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. പട്ടാപ്പകല്‍ ബൈക്ക് മോഷണം പോയിട്ടും പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂത്തുപറമ്പ് നഗരത്തിലും പരിസരത്തും പോലീസിനു സമാന്തര ശക്തിയായി വളര്‍ന്നു വരുന്ന ഇത്തരം ക്രിമിനല്‍ സംഘങ്ങളെ സംരക്ഷിക്കാന്‍ രാഷ്‌ട്രീയ നേതൃത്വം തയ്യാറാകുന്ന കാലത്തോളം ഇതിനു അവസാനമുണ്ടാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















