കൂത്തുപറമ്പ്: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പെരുമ്പാവൂരിലെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ രണ്ട് കൂത്തുപറമ്പ് സ്വദേശികളെ കൂടി പോലീസ് തെരയുന്നു. കൂത്തുപറമ്പ് കുഴിയില്‍പീടികയിലെ ചന്ദ്രോത്ത് റെയ്‌സര്‍, പറമ്പായി ചേരിക്കമ്പനിക്കടുത്ത പാലക്കല്‍ സമദ് എന്നിവരെയാണ് പോലീസ് തിരയുന്നത്. ഇവരെ തേടി പെരുമ്പാവൂര്‍ പോലീസ് കഴിഞ്ഞ ദിവസം കൂത്തുപറമ്പിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൂത്തുപറമ്പില്‍ നിന്നും കേസിലെ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ഹാലിം, പറമ്പായി സ്വദേശി കണിയന്റെ വളപ്പില്‍ സഫീര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ അബ്ദുള്‍ ഹാലിം തീവ്രവാദ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ തടിയന്റവിട നസീറിന്റെ അടുത്ത അനുയായിയാണ്. ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്ന രണ്ടുപേരും നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് സൂചന. തീവ്രവാദ പ്രവര്‍ത്തനത്തിനായി പണംകണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന് കിട്ടിയ വിവരം. പെരുമ്പാവൂരിലെ സിദ്ദിഖിന്റെ വീട്ടില്‍ കഴിഞ്ഞ 19നാണ് കവര്‍ച്ച നടന്നത്. തീവ്രവാദ പ്രവര്‍ത്തനത്തിനായി കവര്‍ച്ചയുള്‍പ്പെയുള്ള തട്ടിപ്പുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്‌ചെയ്തിരുന്നുവെങ്കിലും ഇത് അവഗണിച്ചതാണ് ഇത്തരം സംഭവങ്ങള്‍നടക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.
















