നെയ്യാറ്റിന്‍കര: തെരുവുനായ ഭീതിയില്‍ നെയ്യാറ്റിന്‍കര നിവാസികള്‍. മുപ്പതു ദിസത്തിനുള്ളില്‍ താലൂക്കിന്റെ വിവധപ്രദേശങ്ങളില്‍ നായയുടെ ആക്രമണത്തിനിരയായത് ആയിരത്തിലധികം പേര്‍ക്കാണ്.
തെരുവുനായ ഭീതിയില്‍ നാട്ടുകാര്‍ വീടിനുപുറത്തിറങ്ങുന്നത് ജീവന്‍ പണയ വച്ചാണ്. നെയ്യാറ്റിന്‍കര നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നതിനാലാണ് നായ്‌ക്കള്‍ പെരുകാന്‍ കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
പാറശാല താലൂക്ക് ആശുപത്രിയില്‍ നായയുടെ കടിയേറ്റ് ചികിത്സതേടിയത് 710 പേരാണ്. ഇതില്‍ മുപ്പതിലധികം പേരെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷന്‍, പെരുമ്പഴുതൂര്‍, ബസ്സ്റ്റാന്റ് ജംഗ്ഷന്‍, പാറശാല ഗാന്ധിപാര്‍ക്കിനു പുറകുവശം, മുറിയത്തോട്ടം, ഇടിച്ചക്കപ്ലാമൂട്, സിവില്‍ സ്റ്റേഷന്‍, ധനുവച്ചപുരം സ്‌കൂള്‍ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്‌ക്കളുടെ ശല്യവും അക്രമവും രൂക്ഷമായിരിക്കുന്നത്. ഈപ്രദേശങ്ങളില്‍ ഹോട്ടല്‍ മാലിന്യങ്ങളും കല്യാണമണ്ഡപങ്ങളിലെ അവശിഷ്ടങ്ങള്‍ തള്ളുന്നതാണ് ഈ പ്രദേശങ്ങളില്‍ നായ ശല്യം കൂടുന്നതിന്റെ കാരണമായി നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനിലെ ചന്തയ്‌ക്കുള്ളില്‍ നായ്‌കൂട്ടം കച്ചവടക്കാരെയും നാട്ടുകാരെയും ആക്രമിക്കുകയും വില്‍പ്പനയ്‌ക്ക് കൊണ്ടു വന്ന ആടുമാടുകളെയും കടിക്കുകയും ചെയ്തിരുന്നു. അലഞ്ഞ് നടക്കുന്ന നായ്‌കൂട്ടങ്ങളെ മാറ്റുവാനുള്ള ശ്രമങ്ങള്‍ നടപ്പിലാക്കുമെന്ന് നഗരസഭാ അധികൃതന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ മൗനത്തിലാണ്.
















