ഇടതുമുന്നണി സര്‍ക്കാര്‍ ഹിന്ദുത്വ വിരുദ്ധമാണെന്ന സത്യത്തിന് അടിവരയിടുന്നതാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണപ്പൂക്കളമിടരുതെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. ഇതേത്തുടര്‍ന്നാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തരുതെന്നും പ്രാര്‍ത്ഥനാ ഗാനം പാടരുതെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
തിരുവോണം ദേശീയോത്സവമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. അത് മതേതരമായി ആഘോഷിക്കുന്ന ഉത്സവവുമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമിട്ടാല്‍ അത് പ്രവൃത്തിസമയം കളയലാണത്രെ. ഇതുപറയുന്ന പിണറായി പക്ഷെ ഇടതുസംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള സെപ്തംബര്‍ രണ്ടിലെ പണിമുടക്കില്‍ അണിചേരണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നു. എന്തൊരു വിരോധാഭാസം! ഓണക്കാലത്ത് ജോലി തടസ്സപ്പെടുന്ന ആഘോഷങ്ങള്‍ പാടില്ല.
പക്ഷെ പണിമുടക്കാകാം! സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ ശരിയായി ജോലി ചെയ്യുന്നില്ലെന്നും, ഫയലുകള്‍ നീങ്ങണമെങ്കില്‍ കൈക്കൂലി നല്‍കണമെന്നും എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഇതിന് പരിഹാരം കാണാതെയാണ് ഭരണത്തലവനായ പിണറായി ഓണാഘോഷത്തിന് വിലക്കേര്‍പ്പെടുത്തുന്നത്. ഓണം ഒരു മതത്തിന്റെ ആഘോഷമല്ല. വിളക്കു കൊളുത്തല്‍ ഹിന്ദുവിശ്വാസികള്‍ മാത്രം അനുഷ്ഠിക്കുന്ന ചടങ്ങുമല്ല. ആനയെഴുന്നള്ളിപ്പും പലതരം ഘോഷയാത്രകളും കേരളത്തിന്റെ ആഘോഷങ്ങളില്‍പ്പെടുന്നവയാണ്. ഇതൊക്കെയറിയാതെയാണോ പിണറായിയും സുധാകരനും മന്ത്രിക്കസേരകളില്‍ കയറിയിരിക്കുന്നത്. വെളിച്ചത്തിനും മതമുണ്ടോ? നിലവിളക്കും കൊടിമരവും ക്രൈസ്തവ ദേവാലയങ്ങളിലുമുണ്ടല്ലോ.
സെക്രട്ടറിയേറ്റിലെ ഫയലുകള്‍ ആഘോഷങ്ങളില്ലാത്ത വേളയിലും നീങ്ങുന്നില്ല. ഇത് കാലങ്ങളായി മാധ്യമങ്ങളില്‍ നിരന്തരം വരുന്ന കാര്യങ്ങളാണ്. ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇതിന് പരിഹാരം കാണാന്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ യാതൊരു താല്‍പ്പര്യവും കാണിക്കാറില്ല. എന്നിട്ടാണ് മുഖ്യമന്ത്രി പിണറായി ഓണാഘോഷത്തിനു നേര്‍ക്ക് കുതിരകേറുന്നത്. കമ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല എന്നുപറയുമ്പോഴും അവരുടെ കുടുംബം അമ്പലങ്ങളിലും മറ്റും പോകുന്നതും, വഴിപാടുകള്‍ നടത്തുന്നതും വാര്‍ത്തയാകാറുണ്ട്.
പിന്നെ ആരെ ബോധിപ്പിക്കാനാണ് ഈ വിശ്വാസ വിരുദ്ധ വായ്‌ത്താരി? പ്രാര്‍ത്ഥനയും നിലവിളക്കുകൊളുത്തലും ബ്രാഹ്മണ മേധാവിത്വത്തിന്റേതാണെന്നു പറയുന്ന മന്ത്രി സുധാകരന്‍ ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആരാധനാരീതികളെ, ഹജ്ജിന് പോകുന്നതടക്കം എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. ക്രൈസ്തവ പള്ളികളിലും മോസ്‌ക്കുകളിലും പെരുന്നാള്‍ ആഘോഷിക്കാറുണ്ട്. പക്ഷേ അതിനെതിരെ നാവുയര്‍ത്താന്‍ ധൈര്യപ്പെടാത്ത മാര്‍ക്‌സിസ്റ്റുകള്‍ എല്ലാം സഹിക്കുന്ന ഹിന്ദുക്കളെയാണ് ആക്രമിക്കുന്നത്. ഹൈന്ദവരുടെ ആരാധനാക്രമങ്ങളെ പുച്ഛിക്കുന്ന ഇടതുസര്‍ക്കാര്‍ പക്ഷേ ഹജ്ജിന് പോകാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ക്ക് വിമാനയാത്രയടക്കം എല്ലാ സൗകര്യവും ഒരുക്കുന്നു.
ഇതൊക്കെ ഫ്യൂഡലിസവും പഴഞ്ചനുമാണെന്ന് പറയാന്‍ ഇക്കൂട്ടര്‍ക്ക് ധൈര്യമുണ്ടോ? സര്‍ക്കാരിന് ജാതിയും മതവുമില്ല എന്നൊക്കെയുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ചാലും പിണറായി സര്‍ക്കാര്‍ ഹിന്ദുവിരുദ്ധനയമാണ് സ്വീകരിച്ചുവരുന്നത്. ഓണം ദേശീയോത്സവമായിരിക്കെ, അത് മലയാളികളുടെ മനം കുളിര്‍പ്പിക്കുന്ന പൂക്കളുടെ ഉത്സവമായിരിക്കെ ബ്രാഹ്മണ്യത്തിന്റെ ചിഹ്നമായും മറ്റും വ്യാഖ്യാനിക്കുന്നത് പരിഹാസ്യമാണ്.
സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയില്‍ വീഴ്ച വരുത്തിയിട്ട് ആഘോഷങ്ങള്‍ക്ക് സമയം ചെലവിടുന്നത് തടയേണ്ടതുതന്നെ. ജനസേവന കേന്ദ്രമായ സര്‍ക്കാര്‍ ഓഫീസുകളിലെ ജോലിക്കാര്‍ക്ക് കര്‍ത്തവ്യബോധം വേണം. പക്ഷേ നാടുമുഴുവന്‍ ഓണം ആഘോഷിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരെ അതില്‍നിന്ന് വിലക്കുന്നത് ഹൃദയശൂന്യതയാണ്. പകരം അവരോട് ഓഫീസ് സമയം തുടങ്ങുന്നതിനു മുന്‍പ് ഓണപ്പൂക്കളം ഇടാനായിരുന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിക്കേണ്ടിയിരുന്നത്.
മുഖ്യമന്ത്രി പിണറായിയും മന്ത്രി സുധാകരനും കോടിയേരി ബാലകൃഷ്ണനും മറ്റും എന്തിനുള്ള പുറപ്പാടാണെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മുസ്ലിം പിന്തുണ ഉറപ്പിച്ചുനിര്‍ത്താന്‍ നടത്തുന്ന പരാക്രമങ്ങളാണിത്. യോഗാദിനാചരണത്തിനെതിരെ പിണറായിയും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഉറഞ്ഞുതുള്ളിയത് നാം കണ്ടതാണല്ലൊ. നിലവിളക്ക് ഹറാമല്ലെന്ന് ചില മുസ്ലിം നേതാക്കള്‍ക്കുതന്നെ തിരിച്ചറിവുണ്ടാകുമ്പോഴാണ് മന്ത്രി സുധാകരന്‍ ഇസ്ലാമിക ഫത്വയുമായി രംഗത്തുവന്നിട്ടുള്ളത്. ഹിന്ദുവിരുദ്ധമായ ഈ അടവുനയം തിരിച്ചടിക്കുമെന്ന് അധികം വൈകാതെ തന്നെ സഖാക്കള്‍ക്ക് മനസ്സിലാകും. അതുവരെ ഇക്കൂട്ടര്‍ വിടുവായത്തം തുടരട്ടെ.
















