ന്യു ഹാവെന്‍: സിന്‍സിനാറ്റിക്കു പിന്നാലെ സാനിയ മിര്‍സയ്‌ക്ക് വീണ്ടും വിജയതിലകം. കണക്റ്റികട്ട് ഓപ്പണ്‍ ടെന്നീസ് ഡബിള്‍സില്‍ സാനിയയും റൊമാനിയയുടെ മോണിക്ക നിക്യുലെസ്‌ക്യുവും ചേര്‍ന്ന സഖ്യം വിജയിച്ചു.
സ്‌കോര്‍: 7-5, 6-4. ഫൈനലില്‍ ഉക്രൈയ്‌നിന്റെ കത്രീന ബൊന്‍ഡരെങ്കൊ-തായ്‌വാന്റെ ചുവാങ് ചിയ ജങ് കൂട്ടുകെട്ടിനെ കീഴടക്കി.
ഇതോടെ, ഇന്നാരംഭിക്കുന്ന യുഎസ് ഓപ്പണില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം സാനിയയ്‌ക്ക്. ആദ്യമായി ചേര്‍ന്ന ടൂര്‍ണമെന്റില്‍ തന്നെ ജേതാക്കളായെങ്കിലും യുഎസ് ഓപ്പണില്‍ ഒരുമിച്ച കളിക്കില്ല ഇവര്‍. ബാര്‍ബറയാണ് സാനിയയ്‌ക്കൊപ്പം സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാമിനിറങ്ങുക. വാനിയ കിങ്ങാണ് മോണിക്കയുടെ പങ്കാളി.
ഒളിമ്പിക്‌സിലെ നിരാശയില്‍നിന്ന് സിന്‍സിനാറ്റിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രൈകോവയ്‌ക്കൊപ്പമാണ് കിരീടം നേടി സാനിയ തിരിച്ചുവന്നത്. പഴയ പങ്കാളി, മാര്‍ട്ടിന ഹിംഗിസ്-കോകോ വാന്‍ഡെവേഗ് ജോഡിയെയാണ് തോല്‍പ്പിച്ചത്.
















