ചെന്നൈ: വിഖ്യാത നോര്‍വീജിയന്‍ താരവും കഴിഞ്ഞ സീസണില്‍ ദല്‍ഹി ഡൈനാമോസിന്റെ മാര്‍ക്വീ താരവുമായിരുന്ന ജോണ്‍ ആര്‍നെ റീസെക്ക് ഇനി പുതിയ തട്ടകം. നിലവിലെ ചാമ്പ്യന്‍ ചെന്നൈയിന്‍ എഫ്‌സിയുടെ മാര്‍ക്വീ താരമായി റീസെ രണ്ടാം വര്‍ഷം ഇന്ത്യയിലെത്തുന്നത്.
വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് റീസെയുടെ മടങ്ങിവരവ്. കഴിഞ്ഞ രണ്ട് സീസണുകളില്‍ മാര്‍ക്വീ താരമായ എലാനോക്ക് പകരമാണ് റീസെയെ ചെന്നൈയിന്‍ പാളയത്തിലെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ ഡൈനാമോസിനായി 15 മത്സരങ്ങള്‍ കളിച്ച റീസെ ഒരു ഗോള്‍ നേടി. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി അവിടെ ആലെസണ്‍ഡ്‌സ് ടീമിനായി കളിച്ചു. അതിനു ശേഷം വിരമിക്കലും പ്രഖ്യാപിച്ചു. നോര്‍വേക്കായി 110 മത്സരങ്ങളില്‍ കളിച്ച താരം ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.
മൊണാക്കോ, ലിവര്‍പൂള്‍, റോമ, ഫുള്‍ഹാം എന്നീ ക്ലബ്ബുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. റീസെയുടെ വരവോടെ പ്രതിരോധം പഴുതുകളില്ലാത്തതാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ചെന്നൈയിന്‍ ടീം അധികൃതര്‍.
















