ലോസെയ്ന്‍: ഒളിമ്പിക്‌സില്‍ സ്പ്രിന്റ് ഡബിള്‍ നേടിയ ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ഡയമണ്ട് ലീഗിലും 100 മീറ്ററില്‍ സ്വര്‍ണ്ണം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസെയ്‌നില്‍ നടന്ന മീറ്റില്‍ 10.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് തോംസണ്‍ സ്വര്‍ണ്ണം നേടിയത്. പുരുഷന്മാരുടെ 100 മീറ്ററില്‍ ജമൈക്കയുടെ അസഫ പവല്‍ 9.96 സെക്കന്‍ഡില്‍ സ്വര്‍ണ്ണം സ്വന്തമാക്കി. പുരുഷന്മാരുടെ 200 മീറ്ററില്‍ ഡച്ച് താരം ചുരാന്‍ഡി മാര്‍ട്ടിന 19.81 സെക്കന്‍ഡില്‍ പുതിയ റെക്കോര്‍ഡോടെ ഒന്നാമതെത്തി. 400 മീറ്ററില്‍ അമേരിക്കയുടെ മെറിറ്റ് ലാഷോണും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്പാനിഷ് താരം ഒര്‍ട്ടേഗ ഒര്‍ലാന്‍ഡോയും സ്വര്‍ണ്ണം നേടി. റിയോയില്‍ സ്വര്‍ണ്ണം നേടിയ ജമൈക്കയുടെ ഒമര്‍ മക്‌ലിയോഡിനെ രണ്ടം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒര്‍ട്ടേഗ ഡയമണ്ട് ലീഗില്‍ സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് ജേത്രി യുഎസിന്റെ ദലൈല മുഹമ്മദ് 53.78 സെക്കന്‍ഡില്‍ പൊന്നണിഞ്ഞു.
















