സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഭൂരിഭാഗവും മഴ തടസ്സപ്പെടുത്തിയ ആദ്യ ടെസ്റ്റില്‍ ആകെ ബൗള്‍ ചെയ്യാന്‍ കഴിഞ്ഞത് 89.4 ഓവര്‍ മാത്രം. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 263 റണ്‍സിന് ഓള്‍ ഔട്ടായി.
രണ്ടാം ദിവസം ന്യൂസിലാന്‍ഡ് രണ്ട് റണ്‍സിന് 15 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിടുമ്പോഴാണ് മഴയെത്തിയത്. പിന്നീട് ഒരു ഓവര്‍ പോലും എറിയാന്‍ കഴിയാതെ മത്സരം അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സെടുത്ത ഹാഷിം ആംലയും 46 റണ്‍സെടുത്ത ബാവുമയും 33 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കും 32 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രബാദയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ 263-ല്‍ എത്തിച്ചത്. തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലാന്‍ഡ് സ്‌റ്റെയിനിന്റെ പേസിന് മുന്നില്‍ തകര്‍ന്നെങ്കിലും മഴ രക്ഷക്കെത്തുകയായിരുന്നു.
















