ലണ്ടന്‍: സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ബാഴ്‌സലോണ ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍. പെപ്പ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റിയാണ് 33 കാരനും ചിലിയന്‍ നായകനുമായ ബ്രാവോയെ സ്വന്തമാക്കിയത്. 18 ദശലക്ഷം യൂറോക്ക് നാല്‌വര്‍ഷത്തെ കരാറാണ് ബ്രാവോയുമായി ക്ലബ് ഉണ്ടാക്കിയത്.
സിറ്റിയുടെ ഒന്നാം നമ്പര്‍ ഗോളിയായിരുന്ന ജോ ഹാര്‍ട്ടിന് പകരക്കാരനായാണ് ബ്രാവോ ടീമിലെത്തുന്നത്. 2014-ല്‍ റയല്‍ സോസിഡാഡില്‍ നിന്നാണ് ക്ലോഡിയോ ബ്രാവോ ബാഴ്‌സലോണയിലേക്ക് എത്തിയത്. രണ്ട് സീസണില്‍ അവര്‍ക്കൊപ്പം കളിച്ച ബ്രാവോ 75 മത്സരങ്ങളില്‍ ഗോള്‍വലയം കാത്തു.
‘മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഭാഗമാകുന്നതില്‍ തനിക്ക് വലിയ അഭിമാനമുണ്ടെന്ന്’ ബ്രാവോ പറഞ്ഞു. ബാഴ്‌സലോണ പോലൊരു ക്ലബിനോട് വിടപറയുന്നത് എളുപ്പമല്ലെന്നും എന്നാല്‍ പെപ്പ് ഗ്വാര്‍ഡിയോളക്കൊപ്പം ജോലിയെടുക്കാനുള്ള അവസരം നിരക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അയാക്‌സ് ആംസ്റ്റര്‍ഡാം ഗോള്‍ കീപ്പര്‍ ജാസ്പര്‍ സിയെസ്സന്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറി. 11.1 മില്യണ്‍ പൗണ്ടിന് അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ബ്രാവോക്ക് പകരകമായാണ് ഡച്ച് താരമായ ജാസ്പര്‍ കറ്റാലന്‍ ക്ലബുമായി കരാര്‍ ഒപ്പുവെച്ചത്.
















