ഹരിപ്പാട്: നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന സപ്താഹ യജ്ഞത്തിന്റെ ആറാം ദിവസമായ ഇന്ന് കുചേലാഖ്യാന പാരായണ സമയത്ത് ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന തുലാംപറമ്പ് ഷീജാ ഭവനത്തില്‍ 43 വയസ്സുള്ള ഇരുവൃക്കകളും തകരാറിലായ അജിയുടെ വൃക്ക മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്കായി ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും കൂടി സമാഹരിച്ച 63,000 രൂപ ചികിത്സാ സഹായമായി നല്‍കി.
ഹരിപ്പാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. ബൈജുവും ഹരിപ്പാട് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗോപാലകൃഷ്ണപിള്ളയും ചേര്‍ന്നാണ് തുക കൈമാറിയത്. സപ്താഹ വേദികളില്‍ ഇതുപോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പോട്ടുവന്ന ക്ഷേത്ര ഉപദേശക സമിതിയെ ഭക്തജനങ്ങള്‍ അഭിനന്ദിച്ചു.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചുവരുന്ന അജിയുടെ വൃക്കമാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പത്ത് ലക്ഷത്തോളം രൂപ ചെലവാകും. പ്രാരംഭഘട്ടത്തില്‍ ചികിത്സ നടത്തി താമസിച്ചുകൊണ്ടിരുന്ന മൂന്നര സെന്റ് സ്ഥലവും വീടും വില്‍ക്കേണ്ടിവന്നു. സാധാരണ തൊഴിലാളിയായ അജിക്ക് മറ്റ് മാര്‍ക്ഷങ്ങള്‍ ഒന്നും തന്നെയില്ല. ഇപ്പോള്‍ മൂത്ത സഹോദരിയുടെ വൃക്കയാണ് ദാനം ചെയ്യുന്നത്. ഓരോ രണ്ട് ദിവസം കൂടുന്തോറും ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണ് അജി.
എട്ടിലും പതിനൊന്നിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് മക്കള്‍. ചികിത്സയ്‌ക്കുവേണ്ടി സമീപവാസികള്‍ നാട്ടുകാരില്‍ നിന്നും സാമ്പത്തിക സഹായം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്.
















