മാവേലിക്കര: ചെന്നിത്തല കാരാഴ്മ ചന്തയില്‍ പച്ചക്കറി കടയ്‌ക്ക് നേരെ ആക്രമണം നടത്തിയതിനു പിന്നില്‍ ഡിവൈഎഫ്‌ഐക്കാര്‍. പുത്തന്‍കുളങ്ങര, വലിയകുളങ്ങര ഭാഗത്തുനിന്നുള്ള പത്തംഗ ഡിവൈഎഫ്‌ഐ സംഘമാണ് ആക്രമണം നടത്തിയത്. ഇവരെ രക്ഷപെടുത്താനുള്ള നീക്കവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തി.
കടയുടമ മൂലയില്‍ വീട്ടില്‍ പ്രകാശനെയാണ് സംഘം ആദ്യം ആക്രമിച്ചത്. ഇത് കണ്ടുവന്ന സഹോദരന്‍ പ്രസാദ്, ഇയാളുടെ ഭാര്യ അമ്പിളി, മകന്‍ നിഥിന്‍ എന്നിവരെയും ആക്രമിച്ചു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അമ്പിളിയും നിഥിനും തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം. പ്രകാശന്‍ റോഡ് മറികടക്കുമ്പോള്‍ എത്തിയ ബൈക്കു യാത്രക്കാരനുമായുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
ചെന്നിത്തലയില്‍ ഡിവൈഎഫ്‌ഐ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാണ് ഇതിനു പിന്നിലും. ചെന്നിത്തലയിലെ പ്രമുഖ സിപിഎം നേതാവിന്റെ മകന്റെ ഭാര്യാ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമി സംഘത്തിലുള്ളതായാണ് വിവരം. ഇതോടെയാണ് സിപിഎം നേതാക്കള്‍ തന്നെ പ്രതികളെ രക്ഷപെടുത്താന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കടയുടമയെ കണ്ട് നഷ്ടപരിഹാരം നല്‍കാമെന്നും ചികിത്സാ ചിലവ് വഹിക്കാമെന്നും ഇവര്‍ അറിയിച്ചതായാണ് വിവരം. ഇതോടൊപ്പം കേസെടുക്കാതിരിക്കാന്‍ പോലീസിന് മേല്‍ വലിയ സമ്മര്‍ദ്ദമാണ് സിപിഎം നേതൃത്വത്തില്‍ നിന്നുള്ളത്.
യാതൊരു പ്രകോപനവും കൂടാതെ പച്ചക്കറി വ്യാപാരിയെയും സഹോദര കുടുംബത്തെയും ആക്രമിച്ചതിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
മൂന്നു പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും മാന്നാര്‍ പോലീസ് അറിയിച്ചു.
















