ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ടിന് ആരാധകരുടെ വികാരനിര്‍ഭര യാത്രയയപ്പ്. ‘ജോ ഹാര്‍ട്ടിനെ വില്‍ക്കരുതെന്ന’ ബാനറുകളുയര്‍ത്തിയാണ് ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയത്. ക്ലബ്ബിനായി 348 മത്സരങ്ങളില്‍ വല കാത്ത ഹാര്‍ട്ടിനെ പുതിയ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയ്‌ക്ക് താത്പര്യമില്ല. ബാഴ്‌സലോണ താരം ക്ലോഡിയോ ബ്രാവൊയുമായി അടുത്ത ദിവസങ്ങളില്‍ സിറ്റി കരാറിലെത്തുന്നതോടെ ഹാര്‍ട്ടിനു മടങ്ങാം. ഈ മാസം 31 വരെയെ താരത്തിന് ക്ലബ്ബുമായി കരാറുള്ളു.
സീസണിലെ ആദ്യ കളികളില്‍ ഹാര്‍ട്ടിനെ പുറത്തിരുത്തി പെപ്പ്. ഇന്നലെ ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക മത്സരത്തില്‍ സ്റ്റീവയ്‌ക്കെതിരെ താരത്തെ കളിപ്പിച്ചു. നായകന്റെ ആം ബാന്‍ഡ് കൂടി നല്‍കിയാണ് പെപ്പ് ക്ലബ്ബിന്റെ ഇതിഹാസത്തിന് യാത്രാമൊഴി നല്‍കിയത്.
പ്രീമിയര്‍ ലീഗില്‍ 100 തവണ ഗോള്‍ വഴങ്ങാതെ വല കാത്ത ഹാര്‍ട്ട് 2006ലാണ് സിറ്റിയിലെത്തുന്നത്. ടീമിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ്, ഒരു എഫ്എ കപ്പ്, രണ്ട് ലീഗ് കപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട് താരം. പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം രണ്ടു തവണയും, പ്രീമിയര്‍ ലീഗിലെ ഗോള്‍ഡണ്‍ ഗ്ലൗസ് പുരസ്‌കാരം തുടരെ നാലു തവണയും നേടി ഹാര്‍ട്ട്.
















