ആലപ്പുഴ: വീട്ട് നമ്പര്‍ ലഭിച്ചില്ലെന്ന കാരണം കാട്ടി പാവപ്പെട്ടവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നിഷേധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമ്പൂര്‍ണ വൈദ്യൂതീകരണ പദ്ധതിയുടെ ഭാഗമായി കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആള്‍ താമസമുള്ള എല്ലാ വീടുകളിലും വൈദ്യുതി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. വീട്ട് നമ്പര്‍ ഇടാത്ത പാവപ്പെട്ടവരുടെ വീടിന്റെ കാര്യത്തില്‍ അവരുടെ വീട് നില്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റോ ചെയര്‍മാനോ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ അതുപയോഗിച്ച് വൈദ്യുതി കണക്ഷന്‍ നല്‍കും. കണക്ഷന്‍ നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് താമസം വരുത്തരുത്.
വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത അങ്കണവാടികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും. ലൈന്‍ വലിക്കാന്‍ പ്രയാസമുള്ള തീരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ സോളാര്‍ വൈദ്യുതി നല്‍കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമ്പൂര്‍ണ വൈദ്യൂതീകരണ പദ്ധതിക്ക് വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പങ്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
















