
കണ്ണൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് സമാന്തരമായി നമ്മളൊന്ന് എന്ന പേരില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം നടത്താന്‍ തീരുമാനിച്ച സിപിഎം നേതൃത്വം പരിപാടിയില്‍ ജനപങ്കാളിത്തമില്ലാത്തത് കാരണം നാണം കെട്ടു. പാനൂരിനടുത്ത് പൊയിലൂര്‍ പുല്ലായിത്തോടില്‍ ജയരാജന്റെയും കലാഭവന്‍ മണിയുടെയും കട്ടൗട്ടുകള്‍ വെച്ചാണ് സിപിഎം പരിപാടി നടത്തിയത്. ചട്ടമ്പിസ്വാമി ജയന്തി എന്നാണ് സിപിഎം പറഞ്ഞിരുന്നതെങ്കിലും ഫലത്തില്‍ ജയരാജ ജയന്തിയാണ് കണ്ണൂര്‍ ജില്ലയില്‍ നടന്നത്. മലയാളി സമൂഹം ആദരവോടെ നോക്കിക്കാണുന്ന ചട്ടമ്പിസ്വാമികളെയും ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്ന തരത്തിലായിരുന്നു സിപിഎം ഇന്നലെ നടത്തിയ ആഘോഷം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം ഉയര്‍ത്തുന്ന കാവിക്കൊടിക്ക് പകരമായി വിവിധ കേന്ദ്രങ്ങളില്‍ ബഹുവര്‍ണ്ണത്തിലുള്ള പതാകകളുയരുമെന്നായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയാജന്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങള്‍ കാവിയണിഞ്ഞപ്പോള്‍ അപൂര്‍വ്വം സ്ഥലങ്ങളില്‍ മാത്രമാണ് സിപിഎം വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള തുണികള്‍ കെട്ടിയുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ബാലഗോകുലത്തിന്റെ ആഘോഷത്തിന് സമാന്തരമായി ഓണാഘോഷ സമാപനം എന്ന പേരില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച് നാണം കെട്ടാണ് സിപിഎം ഈ വര്‍ഷം ചട്ടമ്പിസ്വാമി ജയന്തി ആഘോഷവുമായി രംഗത്തെത്തിയത്. ഈ വര്‍ഷം ശ്രീകൃഷ്ണ ജയന്തിയില്ലെന്ന് പറഞ്ഞെങ്കിലും ചിലസ്ഥലങ്ങളില്‍ ശ്രീകൃഷ്ണ വേഷവും കാണാമായിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും സിപിഎം ആഘോഷത്തിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. സിപിഎം പരിപാടിയില്‍ പങ്കെടുത്തവര്‍ പോലും ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ കാഴ്ചക്കാരായി നിന്നതും ഏറെ കൗതുകമായി. ഇരുനൂറോളം കേന്ദ്രങ്ങളില്‍ പാരിപാടി നടക്കുമെന്നാണ് നേതൃത്വം അവകാശപ്പെട്ടതെങ്കിലും കേവലം ഇരുപത് കേന്ദ്രങ്ങളില്‍ മാത്രമാണ് കണ്ണൂരില്‍ സിപിഎമ്മിന്റെ പരിപാടി നടന്നത്.
കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തിയ ആഘോഷപരിപാടികളില്‍ ഹൈന്ദവ വിശ്വാസങ്ങളേയും ആചാരങ്ങളേയും ദേവീദേവന്മാരേയും അവഹേളിച്ചും അപഹസിച്ചും കൊണ്ടുള്ള നിശ്ചലദൃശ്യങ്ങളും മറ്റും അവതരിപ്പിച്ച സംഭവങ്ങളും അരങ്ങേറി. തൃച്ഛബരം ഉത്സവച്ചമയങ്ങളോടെയുളള തിടമ്പ് നൃത്തത്തിന്റെ മാതൃക അവതരിപ്പിച്ച് നൃത്താഭാസം നടത്തിയാണ് ജില്ലയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ബലരാമ തിടമ്പ് നൃത്തത്തെ അവഹേളിച്ചത്. ഇത്തരത്തില്‍ ഹൈന്ദവ ദേവീദേവന്‍മാരെയും മറ്റും അവഹേളിക്കുന്ന മറ്റ് നിരവധി പ്ലോട്ടുകളും ജില്ലയിലെ പലയിടങ്ങളിലും സിപിഎം പരിപാടികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഇത്തരം നടപടികള്‍ക്കെതിരെ ഇന്നലെ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
















