ഹൂസ്റ്റണ്‍:: അമേരിക്കയിലെ ഹൂസ്റ്റണിലെ സ്റ്റേഡിയത്തില്‍ കണ്ടത് ഉയിര്‍ത്തെഴുന്നേറ്റ മറ്റൊരു റൊണാള്‍ഡോയെയാണ്. പോര്‍ച്ചുഗലിന് വേണ്ടി ഉസ്ബെക്കിസ്ഥാനെതിരെ ഗോള്‍ നേടിയതോടെ റൊണാള്‍ഡോ ലോകകപ്പ് ഫുട്ബാള്‍ ചരിത്രത്തില്‍ ഒരു റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചു- ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരം.
ആറ് ലോകകപ്പ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ടെങ്കിലും ലയണല്‍ മെസ്സിക്ക് ഈ റെക്കോഡ് നേടാന്‍ കഴിഞ്ഞില്ല. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ മെസ്സിക്ക് ഗോള്‍ നേടാനായില്ല. ഉസ്ബെക്കിസ്ഥാനെതിരെ റൊണാള്‍ഡ് എണ്ണം പറഞ്ഞ രണ്ട് ഗോളുകളാണ് നേടിയത്. റൊണാള്‍ഡോയ്‌ക്കെതിരെ ലോകമെമ്പാടും മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നിറഞ്ഞതോടെയാണ് ഒരു രൗദ്രഭാവം ആവാഹിച്ച മറ്റൊരു റൊണാള്‍ഡോയെ ചൊവ്വാഴ്ച ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തില്‍ ലോകം കണ്ടത്. ഫുട്ബാള്‍ ഇതിഹാസങ്ങളായ തിയറി ഹെന്‍ട്രിയും സ്ലാടാന്‍ ഇബ്രാഹിമോവിച്ചും ആദ്യ മത്സരങ്ങളില്‍ തീരെ ഫോമിലല്ലാതിരുന്ന റൊണാള്‍ഡോയെ വേദനിപ്പിക്കുന്ന രീതിയില്‍ വിമര്‍ശിച്ചിരുന്നു.
റൊണാള്‍ഡോ സ്വാര്‍ത്ഥനാണെന്നും സ്വന്തമായി ഗോള്‍ നേടണമെന്ന സ്വാര്‍ത്ഥമോഹം കാരണം പോര്‍ച്ചുഗല്‍ ടീം ഈ ലോകകപ്പില്‍ തകര്‍ന്നടിയുകയാണെന്ന് വരെ തിയറി ഹെന്‍ട്രി വിമര്‍ശിച്ചിരുന്നു. സ്വന്തം ടീമിലെ മിന്നും താരമായ ബ്രൂണോ ഫെര്‍ണാണ്ടസിന് ഗോളടിക്കാന്‍ കഴിയാത്തത് റൊണാള്‍ഡോ ആണെന്ന് വരെ വിമര്‍ശനമുണ്ടായി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന ഉഗ്രതാണ്ഡവമായിരുന്നു ഹൂസ്റ്റണ്‍ ഗ്രൗണ്ടില്‍ റൊണാള്‍ഡോ പുറത്തെടുത്തത്. 41ാം വയസ്സിലും തനിക്ക് സ്റ്റാമിനയും വേഗതയും നഷ്ടപ്പെട്ടിട്ടില്ലെന്ന് റൊണാള്‍ഡോ തെളിയിച്ചു. ആറാം മിനിറ്റിലും 39ാം മിനിറ്റിലുമായിരുന്നു റൊണാള്‍ഡോയുടെ മാജിക് ഗോളുകള്‍.
ഡിആര്‍ കോംഗോ എന്ന കുഞ്ഞന്‍ രാജ്യം പോര്‍ച്ചുഗലിനെ സമനിലയില്‍ കുരുക്കിയതോടെയായിരുന്നു റൊണാള്‍ഡോയ്‌ക്കെതിരെ ആരാധകരുടെ രോഷം അണപൊട്ടിയത്. മത്സരം 1-1 സമനിലയില്‍ പിരിയുകയായിരുന്നു. ഉസ്ബെക്കിസ്ഥാനെതിരെ വിജയം അനിവാര്യമായിരുന്ന കളിയിലാണ് റൊണാള്‍ഡോ ഉഗ്രപ്രകടനം കെട്ടഴിച്ചത്. 3-0 ന് ജയിച്ചതോടെ അടുത്ത റൗണ്ടിലേക്ക് പോര്‍ച്ചുഗല്‍ പ്രവേശിക്കുമെന്ന് ഏതാണ്ടുറപ്പായി. ഇനി ഗ്രൂപ്പ് ‘കെ’ യില്‍ അവസാനമായി ഒരു കളി കൂടി പോര്‍ച്ചുഗലിന് ബാക്കിയുണ്ട്. അത് കൊളംബിയയ്‌ക്കെതിരെയാണ്. കൊളംബിയയും ഉസ്ബെക്കിസ്ഥാനെ 3-1ന് തോല്‍പിച്ചിരുന്നു. അതിനാല്‍ പോര്‍ച്ചുഗല്‍- കൊളംബിയ മത്സരം തീ പാറും.
















