റിയൊ ഡി ജനീറൊ: ഒളിമ്പിക്‌സില്‍ പങ്കെടുത്തതിനു പോലും കൈനിറയെ സമ്മാനങ്ങള്‍ ലഭിക്കുന്നവര്‍ ഇതുകേട്ടാല്‍ ആശ്ചര്യപ്പെട്ടേക്കാം. മെഡലുമായി, അതും വെള്ളി മെഡലുമായി ചെന്നാല്‍ ലഭിക്കുന്നത് ഒരുപക്ഷേ മരണം, അല്ലെങ്കില്‍ ജയിലില്‍. പുരുഷ മാരത്തണില്‍ വെള്ളി മെഡല്‍ നേടിയ എത്യോപ്യയുടെ ഫെയിസ ലിലേസയാണ് ഈ ഹതഭാഗ്യന്‍.
റിയൊയില്‍ കെനിയയുടെ എല്യുഡ് കിപോഷെയ്‌ക്കു പിന്നില്‍ ഓടിയെത്തിയ ലിലേസ തലയ്‌ക്ക് മുകളില്‍ കൈകള്‍ കുറുകെ പിടിച്ചാണ് മത്സരം അവസാനിപ്പിച്ചത്. ഈ കൈപിടിത്തമാണ് പ്രശ്‌നം. കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട എത്യോപ്യയിലെ ഒരാമോ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രവൃത്തി.
സര്‍ക്കാരിനെതിരെ ഒരാമോ വിഭാഗം പ്രതിഷേധിക്കുന്നത് തലയ്‌ക്കു മേലെ കൈകള്‍ കുറുകെവച്ച്. ലിലേസയുടെ പ്രകടനം സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായാണ് വ്യഖ്യാനിക്കപ്പെടുന്നത്.
എത്യോപ്യയുടെ ഒളിമ്പിക് സംഘം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും ലിലേസ പോയിട്ടില്ല. റിയൊയില്‍ തുടരുന്നു. താരങ്ങളെ സ്വീകരിച്ച അധികൃതര്‍ ലിലേസയുടെ കാര്യം അറിഞ്ഞമട്ടില്ല, നേട്ടത്തെക്കുറിച്ച് മിണ്ടിയിട്ടുമില്ല. മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടുകയാണ് ഇനി താരത്തിനു മുന്നിലുള്ള വഴി. അതിനാകട്ടെ അവസരം ലഭിച്ചിട്ടുമില്ല.
എത്യോപ്യയിലെ ഗോത്ര വിഭാഗമാണ് ഒരാമോ. നഗരവികസനത്തിന് ഇവരെ കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കി. ഇതോടെ നവംബര്‍ മുതല്‍ പ്രതിഷേധം തുടങ്ങി. അതിപ്പോള്‍ ആഭ്യന്തര കലാപമായി മാറി. ഇതെല്ലാം ലോകത്തിനു മുന്നിലെത്തിക്കാനാണ് ലിലേസ ഒളിമ്പിക് വേദിയില്‍ ഇത്തരമൊരു പ്രകടനം പുറത്തെടുത്തത്.
















