ലണ്ടന്‍: ഫോര്‍മുല വണ്‍ കരിയറിലെ അപൂര്‍വ നേട്ടത്തിനരികിലാണ് മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയി ഹാമില്‍ട്ടണ്‍. ഇടവേളയ്‌ക്കു ശേഷം ഞായറാഴ്ച ബെല്‍ജിയത്തില്‍ ട്രാക്കുണരുമ്പോള്‍ കരിയറിലെ അമ്പതാം ജയമെന്ന നേട്ടമാണ് സീസണില്‍ ഹാമില്‍ട്ടണ്‍ ഉറ്റുനോക്കുന്നത്. ഇതിഹാസ താരം മൈക്കിള്‍ ഷുമാക്കറും (91), അലെയ്ന്‍ പോസ്റ്റും (51) മുന്‍പ് നേട്ടം കൈവരിച്ചവര്‍.
സീസണിന്റെ തുടക്കത്തില്‍ പതറിയ ഹാമില്‍ട്ടണ്‍, തുടര്‍ വിജയങ്ങളിലൂടെയാണ് ഒന്നാം സ്ഥാനത്തേക്കു കയറിയത്. സഹഡ്രൈവര്‍ നിക്കോ റോസ്‌ബെര്‍ഗിനേക്കാള്‍ 19 പോയിന്റ് ലീഡ്. മേയിലെ സ്പാനിഷ് ഗ്രാന്‍ഡ് പ്രീയില്‍ റോസ്‌ബെര്‍ഗിനേക്കാള്‍ 43 പോയിന്റ് പിന്നിലായിരുന്ന ഇദ്ദേഹം, തുടര്‍ വിജയങ്ങളിലൂടെ ഒന്നാം സ്ഥാനത്തേക്കു കയറിയത്. കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ ആറും ജയിച്ചു ഇദ്ദേഹം. ഇതില്‍ തുടരെ നാലു ജയം.
















