മുംബൈ: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി20 പരമ്പരയുടെ മൈതാനത്തെ അവകാശങ്ങള്‍ ബിസിസിഐ ടെന്‍ഡറില്ലാതെ നല്‍കിയെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഫ്‌ളോറിഡയില്‍ 27, 28 ദിവസങ്ങളിലെ മത്സരങ്ങളുടെ അവകാശം ചെന്നൈ ആസ്ഥാനമായ ടെക്ക് ഫോര്‍ട്ട് കമ്പനിക്കാണ് നല്‍കിയത്. ലോധ കമ്മറ്റി നിര്‍ദേശം നടപ്പാക്കാന്‍ ബിസിസിഐക്കു മേല്‍ സമ്മര്‍ദം മുറുകുന്ന അവസരത്തില്‍ വിരുദ്ധമായ നടപടി.
സംപ്രേക്ഷണമടക്കമുള്ളവയുടെ കരാര്‍ നിരക്കുകള്‍ ബിസിസിഐയുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടെന്‍ഡറുകളും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, മൈതാന അവകാശങ്ങള്‍ക്ക് ഇത്തരം നടപടികളൊന്നുമില്ല. ഐപിഎല്ലിന്റെ പത്തു വര്‍ഷത്തെ സംപ്രേക്ഷണാവകാശം അടുത്ത വര്‍ഷം അവസാനിക്കും. അതിനു പുതിയ ടെന്‍ഡറിനുള്ള നടപടികളും ബിസിസിഐ തുടങ്ങിയിട്ടുണ്ട്. സോണി പിക്ചര്‍ നെറ്റ്‌വര്‍ക്കിനാണ് നിലവിലെ അവകാശം.
















