ബെംഗളൂരു: പറഞ്ഞ വാക്കുകള്‍ ചൂടാറും മുന്‍പേ വിഴുങ്ങി മലയാളി അത്‌ലറ്റ് ഒ.പി. ജെയ്ഷ. മാരത്തണിനിടെ വെള്ളം നല്‍കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തയാറായിരുന്നുവെന്നും, എന്നാല്‍, പരിശീലകന്‍ നിക്കോളയ് സ്‌നെസരെവ് നിഷേധിച്ചുവെന്നും ഇന്നലെ തിരുത്തി അവര്‍. അത്‌ലറ്റിക് ഫെഡറേഷന്‍ വെള്ളവും ഗ്ലൂക്കോസും എനര്‍ജി ഡ്രിങ്കുകളും നല്‍കിയിട്ടില്ലെന്ന് ആരോപിച്ച ജെയ്ഷ, ചൊവ്വാഴ്ചയും നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഇന്നലത്തെ പ്രതികരണം.
വെള്ളം നല്‍കിയില്ലെന്നു പറഞ്ഞില്ലെന്നാണ് ജെയ്ഷ ഇന്നലെ പറഞ്ഞത്. പവലിയനില്‍ എന്തെല്ലാം ഒരുക്കണമെന്ന് ഫെഡറേഷന്‍ അന്വേഷിച്ചിരുന്നു. പരിശീലകന്‍ വേണ്ടെന്നു പറഞ്ഞു. അത്‌ലറ്റുകള്‍ക്കായി കോടികള്‍ മുടക്കാന്‍ ഫെഡറേഷന്‍ തയാറെന്നും ജെയ്ഷ. പരിശീലകനെതിരെയും താരം രംഗത്തെത്തി. കഠിനമായ രീതികളാണ് നിക്കോളയ് സ്വീകരിക്കുന്നത്. ഇനി അദ്ദേഹത്തിനു കീഴില്‍ പരിശീലിക്കാനില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിരമിക്കില്ല. എന്നാല്‍, മാരത്തണിനില്ല. 1,500 മീറ്ററില്‍ തുടരും- ജെയ്ഷ വ്യക്തമാക്കി.
ഒളിമ്പിക്‌സിനു ശേഷമാണ് അത്‌ലറ്റിക് ഫെഡറേഷനെതിരെ കടുത്ത വിമര്‍ശനവുമായി ജെയ്ഷ രംഗത്തെത്തിയത്. ആരോപണങ്ങള്‍ ഫെഡറേഷന്‍ നിരസിച്ചു. സഹതാരം കവിത റാവത്തും മലയാളി താരത്തെ തള്ളിപ്പറഞ്ഞു. ഫെഡറേഷന്റെ വിശദീകരണം പുറത്തുവന്നപ്പോഴും നിലപാടിലുറച്ചു നിന്നു താരം. ഇതോടെ, അന്വേഷണത്തിന് ഉത്തരവിട്ടു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. സ്‌പോര്‍ട്‌സ് ജോയിന്റ് സെക്രട്ടറി ഓങ്കാര്‍ കേഡിയ, ഡയറക്റ്റര്‍ വിവേക് നാരായണന്‍ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കേരളത്തിലെ ഇടത് എംപിമാരും അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
















