ന്യൂദല്‍ഹി: മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നു പറഞ്ഞിട്ടില്ലെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയിലാണ് രാഹുല്‍ വിശദീകരണം നല്‍കിയത്. ഗാന്ധി വധത്തിനു പിന്നില്‍ ആര്‍എസ്എസിലെ ചിലരാണെന്നാണു പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മഹാരാഷ്‌ട്രയില്‍ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാഹുല്‍ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും രാഹുലിന്റെ ആവശ്യം തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ രാഹുല്‍ ആര്‍എസ്എസിനോട് മാപ്പു പറയണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാപ്പു പറയാന്‍ തയ്യാറല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. മാപ്പ് പറയാന്‍ തയാറാകാതിരുന്ന രാഹുല്‍ സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കുകയായിരുന്നു. 2014 മാര്‍ച്ചില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ കോണ്‍ഗ്രസ് പൊതുസമ്മേളനത്തിലാണ് ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് രാഹുല്‍ഗാന്ധി പ്രസംഗിച്ചത്.
ആര്‍എസ്എസിനെതിരെ എന്തിനാണ് അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്. ആ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും ഗാന്ധി വധത്തില്‍ പങ്കുള്ളവരാണെന്ന തരത്തിലുള്ള പ്രസംഗം പാടില്ലായിരുന്നു. ഒരു സംഘടനയെ മുഴുവനായി നിന്ദിക്കാന്‍ നിങ്ങള്‍ക്ക് അനുമതിയില്ല. ഇത്തരം പ്രസംഗങ്ങള്‍കൊണ്ട് പൊതുജനങ്ങള്‍ക്ക് എന്തു പ്രയോജനമെന്ന് രാഹുല്‍ വിശദീകരിക്കണമെന്നുമായി സുപ്രീംകോടതി നിരീക്ഷിച്ചത്.
















