ന്യൂദല്‍ഹി: റിയോ ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ പി.വി. സിന്ധു, സാക്ഷി മാലിക്, ഒളിംപിക് ജിംനാസ്റ്റിക്‌സില്‍ നാലാം സ്ഥാനത്തെത്തിയ ദിപ കര്‍മാകര്‍, ഷൂട്ടിങ് താരം ജിത്തു റായ് എന്നിവര്‍ക്ക് 2016ലെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരം.
റിട്ട. ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ. അഗര്‍വാള്‍ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. നാഗപുരി രമേഷ് (അത്‌ലറ്റിക്‌സ്), സാഗര്‍ മാല്‍ ദയാല്‍ (ബോക്‌സിങ്ങ്), രാജ് കുമാര്‍ ശര്‍മ്മ (ക്രിക്കറ്റ്), ബിശ്വേശര്‍ നന്ദി (ജിംനാസ്റ്റിക്‌സ്), എസ്. പ്രദീപ് കുമാര്‍ (നീന്തല്‍-ലൈഫ്‌ടൈം), മഹാബീര്‍ സിങ്ങ് (ഗുസ്തി-ലൈഫ്‌ടൈം) എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്‌ക്കാരം.
രജത് ചൗഹാന്‍ (അമ്പെയ്‌ത്ത്), ലളിത ബാബര്‍ (അത്‌ലറ്റിക്‌സ്), സൗരവ് കോത്താരി (ബില്യാര്‍ഡ്,സ്‌നൂക്കര്‍), ശിവ ഥാപ്പ (ബോക്‌സിങ്ങ്), അജിങ്ക്യ രഹാനെ (ക്രിക്കറ്റ്), സുബ്രതാ പോള്‍ (ഫുട്‌ബോള്‍), റാണി (ഹോക്കി), രഘുനാഥ് വി.ആര്‍. (ഹോക്കി), ഗുര്‍പ്രീത് സിങ്ങ് (ഷൂട്ടിങ്ങ്), അപൂര്‍വി ചന്ദേല (ഷൂട്ടിങ്ങ്), സൗമ്യജിത്ത് ഘോഷ് (ടേബിള്‍ ടെന്നീസ്), വിനേഷ് (ഗുസ്തി), അമിത് കുമാര്‍ (ഗുസ്തി), സന്ദീപ് സിങ്ങ് മാന്‍ (പാരാ അത്‌ലറ്റിക്‌സ്), വീരേന്ദര്‍ സിങ്ങ് (ഗുസ്തി-ബധിര) എന്നിവര്‍ക്ക് അര്‍ജുന പുരസ്‌ക്കാരം ലഭിക്കും.
സതി ഗീത (അത്‌ലറ്റിക്‌സ്), സില്‍വാനസ് ഡങ്ങ് ഡങ്ങ് (ഹോക്കി), രാജേന്ദ്ര പ്രഹ്ലാദ് ഷെല്‍കേ (തുഴച്ചില്‍) എന്നിവരെ ധ്യാന്‍ ചന്ദ് പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തു. രാഷ്‌ട്രീയ ഖേല്‍ രത്‌ന പ്രോത്സാഹന പുരസ്‌ക്കാരത്തിനായി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്, റിസര്‍വ് ബാങ്ക് എന്നിവ അടക്കം ഏഴു സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. പട്യാലയയിലെ പഞ്ചാബി സര്‍വകലാശാലയ്‌ക്കാണ് മൗലാന അബുള്‍ കലാം ആസാദ് ട്രോഫി ലഭിച്ചത്. ഈ മാസം 29ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.
















