തിരുവനന്തപുരം: തെരുവുനായ്‌ക്കളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വച്ഛ് ഭാരതിന്റെ പേരില്‍ ഒബിസിക്കാരന്‍ കൂടിയായ പ്രധാനമന്ത്രിയെ ആക്ഷേപിക്കാനും രാഷ്‌ട്രീയമായി ആക്രമിക്കാനുമാണ് ഇടതു നേതാക്കള്‍ ശ്രമിച്ചത്. ഇറച്ചി വ്യാപാരികളും ഫാസ്റ്റ് ഫുഡ് വില്‍പ്പനക്കാരും തള്ളുന്ന മാംസാവശിഷ്ടങ്ങളും വൃത്തിഹീനമായ പരിസരങ്ങളുമാണ് നായ്‌ക്കള്‍ കൂട്ടമായി വിഹരിക്കാനിടയാക്കുന്നത്. ഇത് മനസ്സിലാക്കാതെ മേനകാഗാന്ധിക്കെതിരെ ചിലര്‍ ചാടുന്നത് പരിഹാസ്യമാണ്. ആസൂത്രണമില്ലാതെ നഗരവികസനവും വൃത്തിഹീനമായ അന്തരീക്ഷവും സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് നഗരപിതാവായിരുന്നവര്‍ക്കും സംസ്ഥാനം മാറി മാറി ഭരിച്ചുമുടിച്ചവര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. തെരുവുനായ്‌ക്കള്‍ മനുഷ്യനെ കടിച്ചുകീറി കൊല്ലുന്നതിന് കളമൊരുക്കിയവര്‍ ആരൊക്കെയാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും പുഞ്ചക്കരി സുരേന്ദ്രന്‍ പറഞ്ഞു.
















