റിയോ ഡി ജനീറോ: ഏറെ പ്രതീക്ഷയോടെ ഇന്നലെ ഗോദയിലിറങ്ങിയ യോഗേശ്വർ ദത്ത് യോഗ്യതാ റൗണ്ടിൽ പുറത്തായി. പുരുഷന്മാരുടെ 65 കി.ഗ്രാം വിഭാഗത്തിൽ മംഗോളിയയുടെ ഗാൻസോറിജിൻ മന്താക്‌നാരനോട് ഏകപക്ഷീയമായ തോറ്റ (0-3) യോഗേശ്വർ റപ്പഷാഗെ റൗണ്ടിൽ പ്രതീക്ഷ വച്ചു പുലർത്തിയിരുന്നു. എന്നാൽ, മന്താക്‌നാരൻ ക്വാർട്ടറിൽ റഷ്യയുടെ സോസ്ലൻ റമൊനോവിനോട് തോറ്റതോടെ ആ പ്രതീക്ഷയും അസ്ഥാനത്തായി.
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല ജേതാവും ഏഷ്യൻ ഗെയിംസിലെ സ്വർണ്ണമെഡൽ ജേതാവുമായ യോഗേശ്വറിൽ രാജ്യം ഏറെ പ്രതീക്ഷയർപ്പിച്ചിരുന്നു.
യോഗ്യതാ റൗണ്ടിലെ ആദ്യ പീരിയഡിൽ ഒരു പോയിന്റും രണ്ടാം പിരിയഡിൽ രണ്ട് പോയിന്റും നേടിയ മന്താക്‌നാരൻ മൊത്തം മൂന്ന് ടെക്‌നിക്കൽ പോയിന്റും മൂന്ന് ക്ലാസ് പോയിന്റും സ്വന്തമാക്കിയാണ് വിജയിച്ചത്. പേശിബലത്തിലും ടെക്ക്‌നിക്കിലും വേഗത്തിലും പിന്നാക്കം പോയ യോഗേശ്വറിനാവട്ടെ ഒന്നാം പിരിയഡിൽ ഒരു താക്കീത് ലഭിക്കുകയും ചെയ്തു. ഇതോടെ ഏറെ പ്രതീക്ഷയർപ്പിച്ച ഗുസ്തിയിൽ രാജ്യത്തിന്റെ നേട്ടം ഒരു വെങ്കലത്തിൽ മാത്രമായി ഒതുങ്ങി.
വിനേഷ് ഫൊഗാട്ടിന് മത്സരത്തിനിടെ പരിക്കേറ്റതും സന്ദീപ് തോമർ ആദ്യ റൗണ്ടിൽ റഷ്യൻ താരത്തോട് പരാജയപ്പെട്ടതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. നർസിങ് യാദവിന് രാജ്യാന്തര കായിക കോടതിയുടെ വിലക്കും വന്നതോടെ ഇന്ത്യൻ തകർച്ച പൂർണ്ണം.
















