അമ്പലപ്പുഴ: ടിപ്പര്‍ലോറി തടഞ്ഞ് ആറംഗസംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. എറണാകുളം സ്വദേശിയായ ലോറി ക്ലീനര്‍ അജയ് (23) നാണ് മര്‍ദ്ദനമേറ്റത്. കോട്ടയത്തുനിന്നും തകഴിയിലേക്ക് ഗ്രാവലുമായി പോകുകയായിരുന്ന ടിപ്പര്‍ലോറി ശനിയാഴ്ച 1.30ഓടെ തകഴി പാലത്തിന് സമീപം ഒരുസംഘം സാമൂഹ്യവിരുദ്ധര്‍ അകാരണമായി തടഞ്ഞത്. തകഴി സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. 7,500രൂപ വിലമതിക്കുന്ന ഗ്രാവല്‍ സൗജന്യമായി നല്‍കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റൊരു വ്യക്തിക്കായി നല്‍കണമെന്നും അറിയിച്ച അജയിയെ അക്രമിക്കുകയായിരുന്നു. വടി കൊണ്ടുള്ള അടിയേറ്റ് വലത് കണ്ണിന് സാരമായി പരിക്കേറ്റ അജയിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു. ലോഡ് നിര്‍ബന്ധിച്ച് ഇറക്കിയ ശേഷം 3,000 രൂപയാണ് നല്‍കിയത്. അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കി. ചികിത്സയില്‍ കഴിയുന്ന അജയിയെ അന്വേഷിച്ച് ബിനുവിന്റെ സുഹൃത്തുക്കളായ കോട്ടേഷന്‍ സംഘാംഗങ്ങള്‍ രാത്രി മെഡിക്കല്‍ കോളെജിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
















