മണിപ്പൂരിലെ ഇറോം ശർമിള പതിനാറു കൊല്ലമായി നടത്തിവന്നിരുന്ന നിരാഹര സമരം നിർത്തിയതായി വാർത്ത (ജന്മഭൂമി, ആഗസ്റ്റ്,10). വിഘടന വാദം, തീവ്രവാദം തുടങ്ങിയ രാജ്യസുരക്ഷയേയും ജനങ്ങളുടെ സൈ്വരജീവിതത്തേയും ബാധിച്ചുകൊണ്ടിരുന്ന ഗുരുതരാവസ്ഥയെ നേരിടാനായിരിക്കണം മണിപ്പൂരിൽ സൈന്യത്തിന് ‘അഫ്‌സ്പാ’ എന്ന നിയമംവഴി പ്രത്യേക അധികാരം നൽകി വിന്യസിച്ചത്.
ഇറോം ശർമിള മനുഷ്യാവകാശ കുത്തക സ്വയം ഏറ്റെടുത്ത് മണിപ്പൂരിലെ നിയമസമാധാന സംവിധാനത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിച്ചുവരുകയായിരുന്നുവല്ലോ. ആശുപത്രിയിൽ കിടത്തി ഭക്ഷണം ട്യൂബിൽക്കൂടി നൽകിയാണ് സർക്കാർ അവരെ നിരാഹാര സമരം തുടരാൻ സഹായിച്ചത്!
തീവ്രവാദികളുടേയും മാഫിയയുടേയും ശല്യത്താൽ പൊറുതിമുട്ടിയ മണിപ്പൂരിലെ സാധാരണ ജനങ്ങളുടെ പിന്തുണ ശർമിളക്ക് ഉണ്ടായിരുന്നില്ല. അവർക്ക് അക്കാര്യം ശരിക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്. ഏതായാലും ഇപ്പോഴെങ്കിലും ശർമിളക്ക് അവരുടെ പ്രവൃത്തിയുടെ വ്യർത്ഥത മനസ്സിലാക്കി സമരം ഏകപക്ഷീയമായിത്തന്നെ നിർത്താൻ തോന്നിയത് നന്നായി. ഇനി വിവാഹിതയായി കുടുംബ ജീവിതം നയിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരാനുള്ള അവരുടെ തീരുമാനവും സ്വാഗതാർഹം തന്നെ.
ആർ.ഗോപാലകൃഷ്ണൻ നായർ
ഏറ്റുമാനൂർ
















