റിയോ ഡി ജനീറോ: മുപ്പത്തിയൊന്നാമത് ഒളിമ്പിക്‌സില്‍ മെഡല്‍ വേട്ടയില്‍ അമേരിക്ക ഏറെ മുന്നില്‍. 13 ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ അമേരിക്കയുടെ മെഡല്‍ നേട്ടം 100-ലെത്തി. 35 സ്വര്‍ണ്ണവും 33 വെള്ളിയും 32 വെങ്കലവുമാണ് ഇതുവരെ അമേരിക്കന്‍ താരങ്ങള്‍ നേടിയിട്ടുള്ളത്. നീന്തല്‍ക്കുളത്തിലും അത്‌ലറ്റിക്‌സിലും ജിംനാസ്റ്റിക്‌സിലുമാണ് അമേരിക്ക ആധിപത്യം പുലര്‍ത്തിയത്. 22 സ്വര്‍ണ്ണവും 21 വെള്ളിയും 13 വെങ്കലവുമടക്കം 56 മെഡല്‍ നേടിയ ബ്രിട്ടണ്‍ രണ്ടാമതും 20 സ്വര്‍ണ്ണവും 16 വെള്ളിയും 21 വെങ്കലവുമടക്കം 57 മെഡലുകളുമായി ചൈന മൂന്നാമതും.
അത്‌ലറ്റിക്‌സില്‍ 9 സ്വര്‍ണ്ണവും എട്ട് വീതം വെള്ളിയും വെങ്കലവുമടക്കം 25 മെഡലുകളാണ് അമേരിക്ക ഇതുവരെ നേടിയിട്ടുള്ളത്. ഇന്നലെ പുരുഷ-വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സ്, പുരുഷ ഷോട്ട്പുട്ട് എന്നിവയില്‍ അമേരിക്ക സ്വര്‍ണ്ണം നേടി. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സിലും 9 സ്വര്‍ണ്ണമായിരുന്നു അത്‌ലറ്റിക്‌സില്‍ അമേരിക്കയുടെ സമ്പാദ്യം. അഞ്ച് സ്വര്‍ണ്ണവും രണ്ട് വെങ്കലവുമടക്കം 7 മെഡലുകള്‍ നേടിയ ജമൈക്കയാണ് അത്‌ലറ്റിക്‌സില്‍ രണ്ടാമത്. നാല് വീതം സ്വര്‍ണ്ണവും വെള്ളിയും നേടിയ കെനിയ മൂന്നാമത്.
പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 47.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അമേരിക്കയുടെ കെറോണ്‍ ക്ലമന്റ് സ്വര്‍ണ്ണം നേടി. 47.78 സെക്കന്‍ഡില്‍ കെനിയയുടെ ബോണിഫസ് തുമുതി വെള്ളിയും തുര്‍ക്കിയുടെ യാസ്മനി കോപെല്ലോ 47.92 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
വനിതാ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍ ചെക്ക് റിപ്പബ്ലിക്കിന്റെ സുസാന ഹെനോവയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി അമേരിക്കയുടെ ദലില മുഹമ്മദ് 53.13 സെക്കന്‍ഡില്‍ പൊന്നണിഞ്ഞു. ഈയിനത്തില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ അമേരിക്കന്‍ വനിതയാണ് ദലില മുഹമ്മദ്. 53.72 സെക്കന്‍ഡില്‍ അമേരിക്കയുടെ തന്നെ ആഷ്‌ലി സ്‌പെന്‍സര്‍ വെങ്കലം നേടിയപ്പോള്‍ ഡാനിഷ് താരം സാറാ പീറ്റേഴ്‌സണ്‍ 53.55 സെക്കന്‍ഡില്‍ വെള്ളിയും സ്വന്തമാക്കി.
















